അത് മറന്നേക്കൂ! ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് ഡല്‍ഹി കാപിറ്റല്‍സിന് ആത്മവിശ്വാസം പകര്‍ന്ന് പോണ്ടിംഗ്

By Web Team  |  First Published Apr 4, 2023, 10:20 AM IST

ലഖ്‌നൗവിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ടീം ഒന്നാകെ നിറം മങ്ങി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.


ദില്ലി: ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുന്ന ഡല്‍ഹി കാപിറ്റല്‍സ് താരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പരിശീലകന്‍ റിക്കി പോണ്ടിംഗ്. ആദ്യ കളിയിലെ തോല്‍വിയുടെ പേരില്‍ തളരരുതെന്നാണ് താരങ്ങളോട് പോണ്ടിംഗ് നല്‍കിയ ഉപദേശം. കെ എല്‍ രാഹുലിന്റെ ലഖ്‌നൗവിനോട് 50 റണ്‍സിന് തോറ്റതിന്റെ നേരിയ നിരാശയിലായിരുന്നു താരങ്ങള്‍. ഡേവിഡ് വാര്‍ണറുടെ ഉള്‍പ്പെടെ മുഖത്ത് അത് പ്രകടം. ഒരു തോല്‍വിയുടെ പേരില്‍ എന്തിന് സങ്കടപ്പെടുന്നുവെന്ന് ടീം മീറ്റിംഗില്‍ പരിശീലകന്‍ റിക്കി പോണ്ടിംഗിന്റെ ചോദ്യം. നമ്മളാഗ്രഹിച്ച തുടക്കം കിട്ടിയില്ലെന്ന് പറഞ്ഞ് തുടങ്ങിയ പോണ്ടിംഗ് പിന്നീടങ്ങോട്ട് ടീമിന് ആത്മവിശ്വാസം പകര്‍ന്നു.

ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ക്കും ഒപ്പം അക്‌സര്‍ പട്ടേലിനും ടീം മീറ്റിംഗില്‍ അനുമോദനം. ''ആദ്യ മത്സരത്തില്‍തന്നെ മികച്ച പ്രകടനം വേണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഓരോ കളിയിലും മെച്ചപ്പെടണം. ടൂര്‍ണമെന്റ് പകുതി എത്തുമ്പോഴേക്കും മികച്ച പ്രകടനത്തിലേക്ക് നമ്മളെത്തണം.'' പോണ്ടിംഗ് വ്യക്തമാക്കി. ഇന്ന് ഗുജറാത്തിനെ നേരിടാനൊരുങ്ങുമ്പോള്‍ ആദ്യ ജയമാണ് ഡല്‍ഹിയുടെ ലക്ഷ്യം. ദില്ലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 

Latest Videos

ലഖ്‌നൗവിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ടീം ഒന്നാകെ നിറം മങ്ങി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, സര്‍ഫ്രാസ് ഖാന്‍, റോവ്മാന്‍ പവല്‍ എന്നീ വമ്പനടിക്കാരില്‍നിന്ന് ഇന്ന് ടീം കാര്യമായിത്തന്നെ പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ആന്റിച്ച് നോര്‍ജെയും ലുംഗി എന്‍ഗിഡിയും തിരിച്ചെത്തിയത് ഡല്‍ഹിക്ക് കരുത്ത് പകരും. 

ഡല്‍ഹി കാപിറ്റല്‍സ് സാധ്യതാ ഇലവന്‍ : പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍, റോവ്മാന്‍ പവല്‍, അമന്‍ ഖാന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ആന്റിച്ച് നോര്‍ജെ, ഖലീല്‍ അഹമ്മദ്.

ഡല്‍ഹി കാപിറ്റല്‍സില്‍ മാറ്റം ഉറപ്പ്! ജയം തുടരാന്‍ ഹാര്‍ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സ്; സാധ്യതാ ഇലവന്‍

click me!