ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നതില്‍ സന്തോഷമെന്ന് രവി ശാസ്ത്രി

By Gopala krishnan  |  First Published Oct 14, 2022, 9:17 PM IST

ഒരു ക്രിക്കറ്റ് താരമായിരുന്ന വ്യക്തി എന്ന നിലയില്‍ കളിക്കാരുടെ താല്‍പര്യങ്ങള്‍ക്ക് അദ്ദേഹം പ്രാമുഖ്യം നല്‍കുമെന്നും ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ശാസ്ത്രി പറഞ്ഞു. അദ്ദേഹം വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന രീതിയിലുള്ള വ്യക്തിയല്ലെങ്കിലും ക്രിക്കറ്റ് ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും ശാസ്ത്രി പറഞ്ഞു.


മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് പകരം മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. റോജര്‍ ബിന്നി ലോകകപ്പ് ടീമില്‍ തന്‍റെ സഹതാരമായിരുന്നുവെന്നും അത്തരമൊരാള്‍ ബിസിസിഐയുടെ പ്രസിഡന്‍റാവുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മുംബൈ പ്രസ് ക്ലബ്ലില്‍ മാധ്യമങ്ങളോട് ശാസ്ത്രി പറഞ്ഞു.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നത് സ്വാഭാവിക തുടര്‍ച്ചയാണ്. അദ്ദേഹം പ്രസിഡന്‍റാവുന്നതില്‍ സന്തോഷമേയുള്ളു. കാരണം അദ്ദേഹം ലോകകപ്പ് ജേതാവാണ്. ഇതാദ്യമായാണ് ഒരു ലോകകപ്പ് ജേതാവ് ബിസിസിഐയെ നയിക്കാനെത്തുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ആര്‍ക്കും രണ്ടാമൂഴം ലഭിച്ചിട്ടില്ല.

Latest Videos

ഗാംഗുലിക്കെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍

റോജര്‍ ബിന്നി പ്രസിഡന്‍റാവുന്നതോടെ ഒരു മുന്‍ കളിക്കാരനു കൂടി ഭരണരംഗത്ത് അവസരം ലഭിക്കുകയാണ്. ജീവിതത്തില്‍ ഒന്നും സ്ഥിരമല്ല, ചില കാര്യങ്ങളൊഴികെ, അതുകൊണ്ട് എല്ലാം മുന്നോട്ടുപോയെ മതിയാവു. ഇന്ന് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മൂന്ന് വര്‍ഷം കഴിഞ്ഞാലും ചെയ്യുമെന്ന് ഉറപ്പില്ല. പുതിയ ആളുകള്‍ വരും, അവര്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. അത് ആരോഗ്യകരമായ പ്രവണതയാണ്.

ബിസിസിഐ പ്രസിഡന്‍റാവാന്‍ റോജര്‍ ബിന്നി എന്തുകൊണ്ടും യോഗ്യനാണ്. അദ്ദേഹം മുമ്പ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ യോഗ്യത ചോദ്യം ചെയ്യപ്പെടാനാവാത്തതാണ്. അദ്ദേഹത്തിന്‍റെ സ്വഭാവത്തെയോ പ്രതിബദ്ധതയെയോ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. എല്ലാറ്റിനുമപരി അദ്ദേഹം ഒരു ലോകകപ്പ് ജേതാവാണ്. അതുകൊണ്ടുതന്നെ പ്രസിഡന്‍റാവാനുള്ള എല്ലാ യോഗ്യതയും ഉള്ള വ്യക്തിയാണ് റോജര്‍ ബിന്നിയാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ പരാജയമാണെന്ന എന്‍.ശ്രീനിവാസന്‍റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഗാംഗുലി

ഒരു ക്രിക്കറ്റ് താരമായിരുന്ന വ്യക്തി എന്ന നിലയില്‍ കളിക്കാരുടെ താല്‍പര്യങ്ങള്‍ക്ക് അദ്ദേഹം പ്രാമുഖ്യം നല്‍കുമെന്നും ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ശാസ്ത്രി പറഞ്ഞു. അദ്ദേഹം വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന രീതിയിലുള്ള വ്യക്തിയല്ലെങ്കിലും ക്രിക്കറ്റ് ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും ശാസ്ത്രി പറഞ്ഞു.

ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയെ മാറ്റി പകരം രവി ശാസ്ത്രിയെ പരിശീലകനാക്കണമെന്ന് ക്യാപ്റ്റനായിരുന്ന വിരാട് കോലി ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്തയാളായിരുന്നു ഗാംഗുലി. എന്നാല്‍ അന്ന് ഉപദേശക സമിതി അംഗം മാത്രമായിരുന്ന ഗാംഗുലിയും സച്ചിനും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമതിക്ക് കോലിയുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. പിന്നീട് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായപ്പോള്‍ കോലിയുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാനായിരുന്നില്ല. ഒടുവില്‍ കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുകയും ചെയ്തു.

tags
click me!