സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
മുംബൈ: സമീപകാലത്ത് മോശം ഫോമിലാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഇതില്‍ ഏറ്റവും മോശം പ്രകടനം രോഹിത് ശര്‍മയുടേതായിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവില്‍ അഞ്ചാം ടെസ്റ്റില്‍ നിന്ന് താരം പിന്മാറുകയും ചെയ്തു. ആദ്യമായിട്ടാണ് ഫോം കണ്ടെത്താന്‍ വലഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ പിന്മാറുന്നത്. കോലി ആദ്യ ടെസ്റ്റില്‍ അപരാജിത സെഞ്ചുറി നേടിയെങ്കിലും, എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 190 റണ്‍സ് മാത്രമാണ് 36-കാരന്‍ നേടിയത്. കൂടാതെ, എട്ട് തവണയും ഓഫ് സ്റ്റമ്പിന് പുറത്ത് പന്തില്‍ ബാറ്റ് വച്ചാണ് കോലി പുറത്താകുന്നതും.
സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ഇക്കാര്യം തന്നെ പറയുകയാണ്. ''അവര്‍ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കണണ്ടേത് അത്യാവശ്യമാണ്. പ്രകടനം എങ്ങനെയാണെന്ന് അറിയണം. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ അനുഭവത്തിലൂടെ വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയും. മറ്റൊന്ന് എപ്പോഴും കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പിന്‍ പന്തുകള്‍ കളിക്കാന്‍ സാധിക്കും. ടേണിംഗ് ട്രാക്കുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഏറ്റവും വലുതല്ല. എതിര്‍ ടീമില്‍ നിലവാരമുള്ള സ്പിന്നര്‍മാര്‍ ഉണ്ടെങ്കില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും.'' ശാസ്ത്രി വിലയിരുത്തി.
ശാസ്ത്രി തുടര്‍ന്നു... ''ഒരാള്‍ക്ക് 36 വയസും മറ്റൊരാള്‍ക്ക് 38 വയസും. അവരെ കുറിച്ച് അവര്‍ക്കെ തന്നെ ബോധ്യമുണ്ട്. എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അവര്‍ക്ക് അറിയാം. മതിയെന്ന് തോന്നിയാല്‍ അവര്‍ ഒഴിഞ്ഞു മാറും. ഇരുവരും ഇംഗ്ലണ്ടിനെതിരേയും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും എങ്ങനെ കളിക്കുമെന്ന നമുക്ക് നോക്കാം.'' ശാസ്ത്രി വ്യക്തമാക്കി.
ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് മൂന്ന് ഏകദിന മത്സരങ്ങളിലാണ് ഇരുവരും കളിക്കുക. ഇതില്‍ രോഹിത് ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കാന്‍ സാധ്യതയേറെയാണ്.