ആദ്യ ദിനം 111 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാര്‍ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് കേരളത്തെ 350 കടത്തി.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബിഹാറിനെതിരെ കേരളം 351 റണ്‍സിന് പുറത്ത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ കേരളത്തിനായി സല്‍മാന്‍ നിസാര്‍ 150 റണ്‍സടിച്ച് പുറത്തായപ്പോള്‍ അഞ്ച് റണ്‍സുമായി വൈശാഖ് ചന്ദ്രന്‍ പുറത്താകാതെ നിന്നു. ആദ്യ ദിനം 111 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാര്‍ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് കേരളത്തെ 350 കടത്തി.
ബിഹാറിനായി ഹര്‍ഷ് വിക്രം സിംഗും സച്ചിന്‍ കുമാര്‍ സിംഗും ഘുലാം റബ്ബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് തുടങ്ങിയ ബിഹാര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം തുടക്കത്തില്‍ 81-4ലേക്കും പിന്നീട് 202-8ലേക്കും തകര്‍ന്ന കേരളത്തെ സെഞ്ചുറിയിലൂടെ സല്‍മാന്‍ നിസാറും മികച്ച പിന്തുണ നല്‍കിയ എം ഡി നിധീഷും ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
ടീം സ്കോര്‍ 282ല്‍ നില്‍ക്കെ നിധീഷ് പുറത്തായെങ്കിലും അക്ഷയ് ചന്ദ്രനെ ഒരറ്റത്ത് നിര്‍ത്തി സെഞ്ചുറി പൂര്‍ത്തിയാക്കിയ സല്‍മാന്‍ നിസാര്‍ അവസാന വിക്കറ്റില്‍ വൈശാഖ് ചന്ദ്രനൊപ്പം പിന്നീട് 69 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഇതില്‍ വൈശാഖിന്‍റെ സംഭാവന അഞ്ച് റണ്‍സ് മാത്രമായിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്. മധ്യ പ്രദേശിനെതിരായ സമനിലയോടെ പോയന്‍റ് പട്ടികയില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തിയിരുന്നു കേരളം. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 21 പോയന്‍റാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ഈ മത്സരം ആദ്യ ഇന്നിംഗ്‌സ് ലീഡോടെ സമനിലയെങ്കിലും പിടിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കെതിരെ കര്‍ണാടക ഒന്നാം ഇന്നിംഗ്സ് ലീഡോടെ ഇന്നിംഗ്സ് ജയം നേടാതിരിക്കുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക