ഒടുവില്‍ ജോസേട്ടനെയും കൈവിടാന്‍ തീരുമാനിച്ച് രാജസ്ഥാന്‍, നിലനിര്‍ത്തുക സഞ്ജു ഉള്‍പ്പെടെ നാലു താരങ്ങളെ

By Web Team  |  First Published Oct 31, 2024, 3:05 PM IST

2022ലെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ ബട്‌ലറെയും പര്‍പ്പിള്‍ ക്യാപ് നേടിയ ചാഹലിനെയും ഒഴിവാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തല്‍.


ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന് മുമ്പ് ഓപ്പണ‍ർ ജോസ് ബട്‌ലറെ കൈവിടാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജോസ് ബട്‌ലര്‍ക്ക് പുറമെ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരും രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയിലില്ലെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, മധ്യനിര ബാറ്റര്‍ റിയാന്‍ പരാഗ്, എന്നിവര്‍ക്ക് പുറമെ അണ്‍ ക്യാപ്ഡ് താരമായി പേസര്‍ സന്ദീപ് ശര്‍മയെയുമാണ് രാജസ്ഥാന്‍ നിലനിര്‍ത്തുക എന്നാണ് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനെ നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്.

Latest Videos

നിരാശപ്പെടുത്തി റുതുരാജും ഇഷാന്‍ കിഷനും അഭിമന്യു ഈശ്വരനും; ഓസ്ട്രേലിയക്കെതിരെ തകര്‍ന്നടിഞ്ഞ് ഇന്ത്യൻ യുവനിര

ജോസ് ബട്‌ലറെ ഒഴിവാക്കാന്‍ താരുമാനിച്ച സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത്  സഞ്ജു സാംസണിന്‍റെ ബാക്ക് അപ്പായി കളിപ്പിക്കാന്‍ കഴിയുന്ന ജുറെലിനെ ഒഴിവാക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സഞ്ജു ഉള്‍പ്പെടെ നാലു കളിക്കാരെ നിലനിര്‍ത്തുന്നതിലൂടെ 47 കോടി രൂപയാണ്  രാജസ്ഥാന്‍റെ പേഴ്സില്‍ നിന്ന് കുറയുക. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യക്കായി കളിച്ചിട്ടില്ലാത്തതിനാലാണ് രാജസ്ഥാന് സന്ദീപ് ശര്‍മയെ അണ്‍ ക്യാപ്ഡ് താരമായി നിലനിര്‍ത്താന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന പ്ലേ ഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സഞ്ജുവിന്‍റെയും(531 റണ്‍സ്) പരാഗിന്‍റെയും(573 റണ്‍സ്) പ്രകടനങ്ങളായിരുന്നു. 2023ലെ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന സന്ദീപ് ശര്‍മയെ 50 ലക്ഷം മുടക്കിയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റുമായി സന്ദീപ് തിളങ്ങുകയും ചെയ്തിരുന്നു.

ബെന്‍ സ്റ്റോക്സിന്‍റെ വീട്ടില്‍ വന്‍ കവർച്ച, അമൂല്യമായ പലതും മോഷ്ടാക്കള്‍ കൊണ്ടുപോയെന്ന് ഇംഗ്ലണ്ട് നായകന്‍

അതേസമയം 2022ലെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ ബട്‌ലറെയും പര്‍പ്പിള്‍ ക്യാപ് നേടിയ ചാഹലിനെയും ഒഴിവാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ വലിയ പ്രകടനമൊന്നും കാഴ്ചവെക്കാനായില്ലെങ്കിലും ബട്‌ലര്‍ 359 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ചാഹലാകട്ടെ കഴിഞ്ഞ സീസണിലും 18 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയിരുന്നു. 2022ലെ താരലേലത്തില്‍ ബെംഗളൂരു കൈവിട്ട ചാഹലിനെ 6.5 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!