ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാൽ ഫൈനലിലെത്താന്‍ 2 അവസരം ലഭിക്കുമെന്നതാണ് നേട്ടം
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(RR vs CSK) മത്സരത്തിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകള്‍. ആദ്യ ക്വാളിഫയറിലെ രണ്ടാമത്തെ ടീമാരെന്ന് ഉറപ്പിക്കുന്ന മത്സരമാണിത്. മലയാളി താരം സഞ്ജു സാംസണിന്‍റെ(Sanju Samson) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ആദ്യ ക്വാളിഫയറില്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്നത്തെ മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും(Lucknow Super Giants) നിര്‍ണായകമാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാൽ ഫൈനലിലെത്താന്‍ 2 അവസരം ലഭിക്കുമെന്നതാണ് നേട്ടം. അതുകൊണ്ടുതന്നെ ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം രാജസ്ഥാനും ലഖ്‌നൗവിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞ ലഖ്‌നൗ 18 പോയിന്‍റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ 16 പോയിന്‍റുമായി മൂന്നാമതും. എന്നാൽ നെറ്റ് റൺറേറ്റിൽ രാജസ്ഥാനാണ് മുന്നിൽ. രാജസ്ഥാന് 0.304ഉം ലഖ്നൗവിന് 0.251 ഉം ആണ് നെറ്റ് റൺറേറ്റ്. അതുകൊണ്ട് ഇന്ന് ഒരു റണ്ണിനോ ഒരു വിക്കറ്റിനോ ജയിച്ചാൽ പോലും രാജസ്ഥാന് രണ്ടാം സ്ഥാനവും ആദ്യ ക്വാളിഫയറില്‍ ഇടവും ഉറപ്പിക്കാം.
എന്നാൽ രാജസ്ഥാന്‍ തോറ്റാല്‍ സീസണിലെ പുതിയ രണ്ട് ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സുമാകും ആദ്യ ക്വാളിഫയറില്‍ കളിക്കുക.
ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റെങ്കിലും 20 പോയിന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സ് തന്നെയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. 18 പോയിന്‍റുമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് ആണ് രണ്ടാമത്. 16 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 16 പോയിന്‍റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നാലാം സ്ഥാനത്തും 14 പോയിന്‍റുള്ള ഡൽഹി ക്യാപിറ്റല്‍സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. അവശേഷിക്കുന്ന ടീമുകളെല്ലാം ഇതിനകം പുറത്തായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആറാമത്. പഞ്ചാബ് കിംഗ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 12 പോയിന്‍റ് വീതമാണ് ഉള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒൻപതാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്തുമാണ്.
IPL 2022 : ഒന്നാം ക്വാളിഫയർ ഉറപ്പിക്കാൻ രാജസ്ഥാന്‍, കണ്ണുകള്‍ സഞ്ജുവില്‍; എതിരാളികള്‍ ചെന്നൈ