ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിന് വേണ്ടിയാണ് അനുനയ് കളിക്കുന്നത്. ഇപ്പോള്‍ രാജസ്ഥാന്‍ പുറത്തുവിട്ട വീഡിയോയിലൂടെ തന്റെ ജീവിതം പറയുകയാണ് അനുനയ്.
മുംബൈ: ഐപിഎല്‍ (IPL 2022) കിരീടത്തിനുള്ള പോരാട്ടത്തില്‍ മുന്നിലുള്ള ടീമുകളില്‍ ഒന്നാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). സന്തുലിതമായ ടീമാണ് അവരുടേത്. റണ്‍വേട്ടക്കാരില്‍ ജോസ് ബട്‌ലറും (Jos Buttler) കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ യൂസ്‌വേന്ദ്ര ചാഹലും (Yuzvendra Chahal) മുന്നിലുണ്ടെന്നുള്ളത് തന്നെ അവരെ മറ്റുള്ള ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ചാഹലിനൊപ്പം ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍ എന്നിവരും രാജസ്ഥാന്റെ ബൗളിംഗ് നിരയിലുണ്ട്.
ഇവര്‍ നന്നായി പന്തെറിയുമ്പോള്‍ പലപ്പോഴും മറ്റുതാരങ്ങള്‍ക്ക് അവസരം ലഭിക്കാറില്ല. അങ്ങനെയുള്ള ഒരു താരമാണ് അനുനയ് സിംഗ്. മെഗാതാരലേലത്തില്‍ 20 ലക്ഷത്തിനാണ് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിന് വേണ്ടിയാണ് അനുനയ് കളിക്കുന്നത്. ഇപ്പോള്‍ രാജസ്ഥാന്‍ പുറത്തുവിട്ട വീഡിയോയിലൂടെ തന്റെ ജീവിതം പറയുകയാണ് അനുനയ്. ''ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ളവരില്‍ നിന്നാണ് ഞാന്‍. അച്ഛന് മാത്രമാണ് വരുമാനമുണ്ടായിരുന്നത്. ഞാന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. 7000- 8000 രൂപ കിട്ടിയാല്‍ പോലും ഒന്നിനും തികയാതെ വരും. മാത്രമല്ല, ഞാന്‍ ജോലിക്ക് പോയാല്‍ എന്റെ പരിശീലനം മുടങ്ങുമെന്നും കരുതി.
എന്നാല്‍ ഇതിനെ കുറിച്ചൊന്നും ഞാന്‍ വീട്ടില്‍ സംസാരിച്ചിരുന്നില്ല. എന്റെ സീനിയര്‍ താങ്ങള്‍ എനിക്ക് ഷൂ തരുമായിരുന്നു. ദിവസങ്ങളോളം പാലും ബ്രഡും മാത്രം കഴിച്ച് കഴിയേണ്ടി വന്നിട്ടുണ്ട്. കരിയറില്‍ ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലായ ട്രയല്‍സില്‍ പങ്കെടുത്തെങ്കിലും തഴയപ്പെട്ടു. പരിക്കും പുറം വേദനയും വേറേയും.'' അനുനയ് വ്യക്തമാക്കി.
12 മത്സരങ്ങളില്‍ 14 പോയിന്റുള്ള രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. അന്ന് ജയിച്ചാല്‍ ഏറെകുറെ പ്ലേ ഓഫ് ഉറപ്പിക്കാം.