യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ടീമിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ ഉപനായകന്‍.
ബംഗളൂരു: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീമും. ടീമിലെ പ്രമുഖരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ രണ്ടാംനിര ടീമുമായിട്ടാണ് ടീം ഇന്ത്യ ലങ്കയിലേക്ക് പറക്കുന്നത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ടീമിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ ഉപനായകന്‍. രവി ശാസ്ത്രിയുടെ അഭാവത്തില്‍ ടീമിനെ പരിശീലിപ്പക്കുന്നത് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയായ രാഹുല്‍ ദ്രാവിഡും.
ലങ്കയ്‌ക്കെതിരായ പരമ്പയ്ക്ക് മുമ്പ് ടീമിനെ കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡ്. ''ലങ്കയിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ യുവതാരങ്ങളാണ് കൂടുതല്‍. ഒക്‌ടോബറില്‍ നടക്കുന്ന ലോകകപ്പ് ടീമില്‍ ഇടം നേടുന്ന താരങ്ങളും കളിക്കുന്ന താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. സ്വന്തം സ്ഥാനം സുരക്ഷിതമാക്കുന്നതിനേക്കാള്‍ പരമ്പര സ്വന്തമാക്കുകയെന്നതിന് തന്നെയാണ് പ്രാധാന്യം. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ട് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരങ്ങള്‍ക്ക് കഴിയട്ടെ.
ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ മൂന്ന് ടി20 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്കുള്ളത്. ഇവ മൂന്നും ലങ്കന്‍ പരമ്പരയിലാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ചുരുക്കം ചില സ്ഥാനങ്ങളിലേക്ക് മാത്രമെ താരങ്ങളെ ആവശ്യമുള്ളു. ലോകകപ്പിന് മുന്‍പ് ഐപിഎല്ലും വരുന്നുണ്ട്. ഇതിലൂടെയും താരങ്ങളെ കണ്ടെത്താന്‍ സെലക്റ്റര്‍മാര്‍ ഉദ്ദേശിക്കുന്നുണ്ടാകും. ചില സെലക്ടര്‍മാര്‍ ഞങ്ങളോടൊപ്പം ലങ്കയിലേക്കു വരുന്നുണ്ട്. ലോകകപ്പ് ടീം ഘടന എങ്ങനെ വേണമെന്നതിനെ പറ്റി സെലക്ടര്‍മാര്‍ക്ക് ധാരണയുണ്ടാകും. അവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തും.'' ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ടിലെ ടീം മാനേജ്മെന്റ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ തിരക്കിലായിരുന്നുവെന്നും അവരുമായി അധികം ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ഫൈനല്‍ കഴിഞ്ഞ സ്ഥിതിക്ക് അവരുമായി കൂടുതല്‍ ചര്‍ച്ച നടത്തി വേണ്ട കാര്യങ്ങള്‍ കൈക്കൊള്ളുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങളും ടി20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13നാണ് ആദ്യ ഏകദിനം. 21ന് ആദ്യ ടി20യും കളിക്കും. മലയാളിതാരം സഞ്ജു സാംസണ്‍ ടീമിലിടം നേടിയിട്ടുണ്ട്.