ഫൈനലിന് മുമ്പ് ദ്രാവിഡ് രണ്ട് ഗ്രാഫുകൾ ടീം അംഗങ്ങളെ കാണിച്ചു, പിന്നീട് നടന്നതെല്ലാം ചരിത്രമെന്ന് സൂര്യകുമാർ

By Web TeamFirst Published Jul 3, 2024, 4:59 PM IST
Highlights

ദ്രാവിഡ് കാണിച്ച ആദ്യ സ്ലൈഡില്‍ രോഹിത് മുതല്‍ ടീമിലെ ഏറ്റവും ജൂനിയറയാ യശസ്വി വരെയുള്ള താരങ്ങള്‍ ഇതുവരെ കളിച്ച ടി20 മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ ടീം പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് രണ്ട് ഗ്രാഫുകള്‍ ടീം അംഗങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരുന്നുവെന്ന് ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവ്. ഈ ഗ്രാഫുകളില്‍ ഒന്നില്‍ വിരാട് കോലിയും രോഹിത് ശര്‍മയും മുതല്‍ യശസ്വി ജയ്‌സ്വാള്‍ വരെയുള്ള ഇന്ത്യൻ ടീം അംഗങ്ങള്‍ ഇതുവരെ കളിച്ച ടി20 മത്സരങ്ങളുടെ എണ്ണമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നില്‍ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫ് കളിച്ച ടി20 മത്സരങ്ങളുടെ എണ്ണവുമായിരുന്നു ഉണ്ടായിരുന്നതെന്നും സൂര്യകുമാര്‍ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ദ്രാവിഡ് കാണിച്ച ആദ്യ സ്ലൈഡില്‍ രോഹിത് മുതല്‍ ടീമിലെ ഏറ്റവും ജൂനിയറയാ യശസ്വി വരെയുള്ള താരങ്ങള്‍ ഇതുവരെ കളിച്ച ടി20 മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത് 800ല്‍ അധികം ഉണ്ടായിരുന്നു. രോഹിത്തും കോലിയും മാത്രം 284 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ജൂനിയര്‍ അംഗമായ യശസ്വി പോലും 98 ടി20 മത്സരങ്ങള്‍(ഇന്ത്യക്കായി കളിച്ച 17 എണ്ണം ഉള്‍പ്പെടെ) കളിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, തുറന്ന ബസിൽ വിക്ടറി മാർച്ച്; ഇന്ത്യൻ ടീമിനൊരുക്കിയിരിക്കുന്നത് വൻ സ്വീകരണം

എന്നാല്‍ രണ്ടാമത്തെ സ്ലൈഡില്‍ ദ്രാവിഡും സപ്പോര്‍ട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവര്‍ കളിച്ച ടി20 മത്സരങ്ങളുടെ എണ്ണമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഒന്ന് മാത്രമായിരുന്നു. അത് കളിച്ചത് രാഹുല്‍ ദ്രാവിഡുമായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒരേയൊരു ടി20 രാജ്യാന്തര മത്സരം കളിച്ച് ദ്രാവിഡ് വിരമിക്കുകയായിരുന്നു.

ഈ രണ്ട് സ്ലൈഡുകളും ഞങ്ങളെ കാട്ടിയശേഷം ദ്രാവിഡ് പറഞ്ഞത്, ഇത്രയും പരിചയസമ്പത്തുള്ള താരങ്ങളാണ് നിങ്ങള്‍. അതുകൊണ്ട് തന്നെ ഗ്രൗണ്ടിലിറങ്ങിയാല്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് നല്ലപോലെ അറിയാം. അത് ആസ്വദിച്ച് ചെയ്യുക. ബാക്കി കാര്യങ്ങളൊക്കെ ഞങ്ങള്‍ക്ക് വിട്ടേക്കു എന്നായിരുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. അതിനുശേഷം ഗ്രൗണ്ടില്‍ നടന്നത് ചരിത്രമായിരുന്നുവെന്നും സൂര്യ വ്യക്തമാക്കി. മനസും ശരീരരവും കളിക്കളത്തിലായിരിക്കുക എന്നതായിരുന്നു ടീമിന്‍റെ ലക്ഷ്യമെന്നും സൂര്യ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!