സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ റിഷഭ് പന്തായിരുന്നു വിക്കറ്റിന് പിന്നില്‍. ദിനേശ് കാര്‍ത്തിക് മോശം ഫോമിലായിരുന്നപ്പോഴാണ് പന്തിനെ പരിഗണിച്ചത്. എന്നാല്‍ കേവലം അഞ്ച് പന്തുകള്‍ മാത്രമായിരുന്നു പന്തിന്റെ ആയുസ്.
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സെമിയില്‍ വിക്കറ്റ് പിന്നില്‍ ആരായിരിക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരുടെ ചോദ്യം. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ റിഷഭ് പന്തായിരുന്നു വിക്കറ്റിന് പിന്നില്‍. ദിനേശ് കാര്‍ത്തിക് മോശം ഫോമിലായിരുന്നപ്പോഴാണ് പന്തിനെ പരിഗണിച്ചത്. എന്നാല്‍ കേവലം അഞ്ച് പന്തുകള്‍ മാത്രമായിരുന്നു പന്തിന്റെ ആയുസ്. മൂന്ന് റണ്‍സുമായി താരം മടങ്ങുകയായിരുന്നു. ഇതോടെ പന്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍ പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഒരു മത്സരം കൊണ്ട് പ്രകടനം അളക്കാന്‍ കഴിയില്ലെന്നാണ് ദ്രാവിഡ് പറയുന്നത്. ദ്രാവിഡിന്റെ വാക്കുകള്‍... ''ഒരു മത്സരം കൊണ്ടുമാത്രം താരങ്ങളുടെ പ്രകടനം അളക്കുന്നത് ശരിയല്ല. ഒരു മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല അടുത്ത മാച്ചില്‍ കളിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. ഒരുപാട് ഘടകങ്ങള്‍ പരിഗണിച്ചാണ് ആരേയൊക്കെ കളിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. എതിര്‍ ടീമുകളുടെ ബൗളിംഗ് ശക്തി, ഗ്രൗണ്ട്, പിച്ച് ഇതെല്ലാം പരിഗണിക്കും. റിഷഭിലുള്ള വിശ്വാസം ഞങ്ങള്‍ക്കൊരിക്കലും നഷ്ടപ്പെട്ടിട്ടില്ല. ടൂര്‍ണമെന്റില്‍ കളിക്കുന്ന 15 താരങ്ങളിലും ഞങ്ങള്‍ക്ക് ആ വിശ്വാസമുണ്ട്.
അവന്‍ ഒരുപാട് നേരം നെറ്റ്‌സില്‍ പരിശീലനം നടത്തുന്നു. ഒരുപാട് ഷോട്ടുകള്‍ കളിക്കുന്നു. ഫീല്‍ഡിംഗിനും കീപ്പിംഗിനും അവന്‍ തയ്യാറാണ്. മാത്രമല്ല, സിംബാബ്‌വെക്കെതിരെ കളിച്ച ഷോട്ടിനെ കുറ്റം പറയാന്‍ കഴിയില്ല. അപ്പോള്‍ വേണ്ടത് ഇതുപോലുള്ള വലിയ ഷോട്ടുകളായിരുന്നു. എന്നാല്‍ സിംബാബ്‌വെക്കെതിരെ ആ അതിര്‍ത്തി കടത്താന്‍ കഴിഞ്ഞില്ല. ചില സമയങ്ങളില്‍ ഇത്തരത്തില്‍ സംഭവിക്കും. അതിനര്‍ത്ഥം അദ്ദേഹം മോശം താരമാണെന്നല്ല.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.
നേരത്തെ, മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും പന്തിനെ പിന്തുണച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ പന്ത് കളിക്കണമെന്നാണ് ശാസ്ത്രി പറഞ്ഞത്. ''കാര്‍ത്തിക് ഒരു ടീം പ്ലെയറാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിങ്ങനെ മികച്ച ബൗളിംഗ് അറ്റാക്കുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ പന്തിന് അവസരം നല്‍കണം. കാരണം, അദ്ദേഹമൊരു ഇടങ്കയ്യനാണെന്നുള്ളത് തന്നെയാണ് കാര്യം.'' ശാസ്ത്രി പറഞ്ഞു.