ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച വരുൺ ചക്രവർത്തിയെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തണമെന്ന് ആർ അശ്വിൻ.
ചെന്നൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹലും എല്ലാം തിരിച്ചെത്തിയപ്പോല്‍ ടി20യില്‍ തിളങ്ങിയ അഭിഷേക് ശര്‍മയും തിലക് വര്‍മയും വരുണ്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടെ പലതാരങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡില്‍ ഇടം ലഭിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ഇന്ത്യൻ താരത്തെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരമായ ആര്‍ അശ്വിന്‍.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റെടുത്ത് മിന്നും ഫോമിലുള്ള സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ആണ് അശ്വിന്‍ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ പ്രഖ്യാപിച്ചത് പ്രാഥമിക സ്ക്വാഡ് മാത്രമാണെന്നും വരുണ്‍ ചക്രവര്‍ത്തിയെ ഇനിയും ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉള്‍പ്പെടുത്താവുന്നതേയുള്ളൂവെന്നും അശ്വിന്‍ പറഞ്ഞു.
പാറ്റ് കമിന്‍സിനെയും ഹേസല്‍വുഡിനെയും പിന്തള്ളി ട്രാവിസ് ഹെഡ് ഓസ്ട്രേലിയയുടെ ഏറ്റുവും മികച്ച താരം
വരുണ്‍ ചക്രവര്‍ത്തി ചാമ്പ്യൻസ് ട്രോഫി ടീമിലെത്താനുള്ള സാധ്യത ഇപ്പോഴുമുണ്ട്. അവനെത്തുമെന്ന് തന്നെയാണ് എന്‍റെ മനസ് പറയുന്നത്. കാരണം, എല്ലാ ടീമുകളും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പ്രാഥമിക സ്ക്വാഡ് മാത്രമാണ്. അതുകൊണ്ട് തന്നെ അവനെ ടീമിലെടുക്കുന്നതില്‍ യാതൊരു തടസവുമില്ല-അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്താല്‍ പകരം ആരെ ഒഴിവാക്കുമെന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ തീരുമാനമായിരിക്കും. നിലവിലെ ടീമിനെ നോക്കുകയാണെങ്കില്‍ ഒരു പേസര്‍ പോയാലും പകരം ഒരു സ്പിന്നറെ ടീമിലെടുക്കാവുന്നതാണ്. എന്നാല്‍ ആരെയാണ് ഒഴിവാക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. ആരെ ആയാലും വരുണിന് അവസരം കിട്ടുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മുതല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വന്‍ മാറ്റത്തിനൊരുങ്ങി ഐസിസി
ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും വരുണിന് കളിക്കാന്‍ അവസരം ലഭിച്ചേക്കും. വരുണ്‍ ഇതുവരെ ഏകദിനങ്ങളില്‍ കളിച്ചിട്ടില്ലാത്തതിനാല്‍ നേരിട്ട് ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കുക എന്നത് അത്ര അനായാസമായിരിക്കില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിപ്പിച്ചശേഷം വരുണിനെ ടീമിലെടുക്കാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വരുണിന് അവസരം നല്‍കുന്നില്ലെങ്കില്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെത്തുക പിന്നീട് അസാധ്യമാകും. കരിയറിലെ ആദ്യ പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് നേടിയ വരുണിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. ടി20 ക്രിക്കറ്റില്‍ വരുണാണ് ഇപ്പോള്‍ ചക്രവര്‍ത്തിയെന്നും അശ്വിൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക