സിഡ്നി ടെസ്റ്റിന് പിന്നാലെ രോഹിത്തിന്‍റെ ഭാര്യയെന്ന് കരുതി സന്ദേശമയച്ചു, അശ്വിന് സംഭവിച്ചത് ഭീമാബദ്ധം

By Web Desk  |  First Published Jan 6, 2025, 10:42 AM IST

സിഡ്നി ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ അശ്വിനിട്ട എക്സ് പോസ്റ്റിന് താഴെ നിഷിത018 എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നിട്ട കമന്‍റിനാണ് അശ്വിന്‍ മറുപടി നല്‍കിയത്.


ചെന്നൈ: ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിന് പിന്നാലെ മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന് സോഷ്യല്‍ മീഡിയയില്‍ സംഭവിച്ചത് ഭീമാബദ്ധം. സിഡ്നി ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്ദേ എന്ന് കരുതി എക്സില്‍ അശ്വിന്‍ നല്‍കിയ മറുപടിയാണ് അബദ്ധമായത്.

സിഡ്നി ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ അശ്വിനിട്ട എക്സ് പോസ്റ്റിന് താഴെ നിഷിത018 എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നിട്ട കമന്‍റിനാണ് അശ്വിന്‍ മറുപടി നല്‍കിയത്. രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്ദേയുടെ ചിത്രവും പേരുമായിരുന്നു പ്രൊഫൈലിന്. ഓസ്ട്രേലിയ നമ്മളെ തൂത്തുവാരമാമെന്ന് കരുതിയെന്നായിരുന്നു അശ്വിന്‍റെ പോസ്റ്റിന് താഴെ ഇയാളിട്ട കമന്‍റ്. അത് രോഹിത്തിന്‍റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച അശ്വിന്‍, ഹായ് റിതിക, സുഖമായിരിക്കുന്നോ, കുടുംബത്തോടും വീട്ടിലെ കുഞ്ഞിനോടും എന്‍റെ അന്വേഷണം പറയൂ എന്ന് മറുപടി നല്‍കി.

Latest Videos

പരസ്പരം അണ്‍ഫോളോ ചെയ്തതിന് പിന്നാലെ ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി ചാഹല്‍

ഇതിന് മറുപടിയായി സുഖമായിരിക്കുന്നു ആഷ് അണ്ണാ എന്ന് റിതികയുടെ ഫേക്ക് അക്കൗണ്ടിലുള്ളയാള്‍ മറുപടി നല്‍കിയപ്പോഴാണ് അശ്വിന് അബദ്ധം മനസിലായത്. ഉടന്‍ തന്നെ അശ്വിന്‍ മറുപടി ഡീലിറ്റ് ചെയ്തെങ്കിലും ഇതിനകം സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിച്ചു. നവംബറിലാണ് രോഹിത്-റിതിക ദമ്പതികള്‍ക്ക് രണ്ടാമത്തെക്കുഞ്ഞ് പിറന്നത്. പിതൃത്വ അവധിയെടുത്ത രോഹിത് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന അശ്വിന്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിനുശേഷം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

അതേസമയം, മോശം ഫോമിന്‍റെ പേരില്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് രോഹിത് സ്വയം മാറി നില്‍ക്കാന്‍ തീരുമാനിച്ചതോടെ രോഹിത്തിന് പകരം ബുമ്രയാണ് സിഡ്നി ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. സിഡ്നിയില്‍ ആറ് വിക്കറ്റ് ജയം നേടിയ ഓസീസ് 3-1നാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!