കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരെ ആദ്യ ദിനം വീഴ്ത്തിയത് ഒരേയൊരു വിക്കറ്റ്, പക്ഷെ ഏഷ്യൻ റെക്കോര്‍ഡിട്ട് അശ്വിന്‍

By Web TeamFirst Published Sep 27, 2024, 10:55 PM IST
Highlights

ഏഷ്യൻ ഭൂഖണ്ഡത്തില്‍ മാത്രം 612 വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ അശ്വിന്‍.

കാണ്‍പൂര്‍: ബംഗ്ലാദേശിനെതരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയെ പുറത്താക്കിയതിലൂടെയാണ് അശ്വിന്‍ അനില്‍ കുംബ്ലെയെ മറികടന്ന് ടെസ്റ്റില്‍ ഏഷ്യയില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറായത്.  419 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുന്‍ ഇന്ത്യൻ താരം അനില്‍ കുംബ്ലെയെ മറികടന്ന അശ്വിന്‍റെ പേരില്‍ 420 വിക്കറ്റുകളായി.ഏഷ്യയില്‍ മാത്രം 300 വിക്കറ്റ്  വീഴ്ത്തിയിട്ടുള്ള ഹര്‍ഭജന്‍ സിംഗാണ് ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

അതേസമയം ടെസ്റ്റില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍ ആകാന്‍ അശ്വിന് ഇനിയുമൊരുപാട് ദൂരം ബാക്കിയുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തില്‍ മാത്രം 612 വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ അശ്വിന്‍. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അശ്വിന്‍ 102 ടെസ്റ്റില്‍ 192 ഇന്നിംഗ്സില്‍ നിന്ന് ഇതുവരെ 523 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.  ഇതില്‍ 420 വിക്കറ്റും ഏഷ്യന്‍ ഭൂഖണ്ഡത്തിലായിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതിരുന്ന അശ്വിന്‍ പക്ഷെ ആറാം ടെസ്റ്റ് സെഞ്ചുറി നേടി ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.

Latest Videos

ഓസ്ട്രേലിയയിലേക്ക് ടിക്കറ്റുറപ്പിച്ച് ആകാശ് ദീപ്, മുഹമ്മദ് ഷമി തിരിച്ചെത്തുമ്പോൾ പുറത്താകുക മുഹമ്മദ് സിറാജോ?

രണ്ടാം ഇന്നിംഗ്സിലാകട്ടെ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ എട്ടാം സ്ഥാനത്തുള്ള അശ്വിന് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരാനും അവസരമുണ്ട്. 530 വിക്കറ്റുകളുമായി ഏഴാമതുള്ള ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണിനെ മറികടക്കാന്‍ അശ്വിന് ഇനി എട്ടുവിക്കറ്റുകള്‍ കൂടി മതി. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. മഴയും നനഞ്ഞ ഔട്ട ഫീല്‍ഡും മൂലം ഒരു മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരം പിന്നീട് മഴമൂലം തടസപ്പെട്ടപ്പോള്‍ 35 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം മത്സരം നടന്നത്. ആദ്യ ദിനം ഒമ്പത് ഓവര്‍ എറിഞ്ഞ അശ്വിന്‍ 22 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 107-3 എന്ന ഭേദപ്പെട്ട നിലയിലാണ് ബംഗ്ലാദേശ്. വരും ദിവസങ്ങളിലും കാണ്‍പൂരില്‍ മഴപെയ്യുമെന്ന പ്രവചനം ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!