തോൽക്കുന്നവർക്ക് പെട്ടി മടക്കാം, ഐപിഎല്ലിൽ ഇന്ന് നോക്കൗട്ട് പോരാട്ടം; ആർസിബിയുടെ എതിരാളികൾ പ‍ഞ്ചാബ്

By Asianet Malayalam  |  First Published May 9, 2024, 10:49 AM IST

തോറ്റ് തോറ്റ് തുടങ്ങിയ ആർസിബി സീസണിൽ തിരിച്ചുവരവിന്‍റെ പാതയിലാണ്. തുടർച്ചയായ നാലം ജയം തേടിയാണ് ഡ്യുപ്ലെസിയും സംഘവും ഇറങ്ങുന്നത്.


ധരംശാല: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് ആർസിബി പോരാട്ടം. എട്ട് പോയന്‍റുള്ള ഇരു ടീമിനും ഇന്ന് ജീവൻ മരണ പോരാട്ടമാണ്. ധരംശാലയിൽ രാത്രി 7.30നാണ് മത്സരം. കണക്കിലെ കളിയിൽ പഞ്ചാബിനും ആർസിബിക്കും പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെങ്കിലും തോൽക്കുന്നവർ മുംബൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമാവും.

തോറ്റ് തോറ്റ് തുടങ്ങിയ ആർസിബി സീസണിൽ തിരിച്ചുവരവിന്‍റെ പാതയിലാണ്. തുടർച്ചയായ നാലാം ജയം തേടിയാണ് ഡ്യുപ്ലെസിയും സംഘവും ഇറങ്ങുന്നത്. റൺവേട്ടക്കാരിൽ മുന്നിലുള്ള കിംഗ് കോലിയിലാണ് ആർസിബിയുടെ പ്രതീക്ഷകളത്രയും. ഓപ്പണിംഗിൽ ഡുപ്ലെസി കൂടി മികച്ച തുടക്കം നൽകിയാൽ സ്കോർ ഉയരും. ഇംഗ്ലണ്ട് യുവതാരം വിൽ ജാക്സാണ് ആർസിബിയുടെ മറ്റൊരു തുരുപ്പുചീട്ട്. വിൽ ജാക്സിനെ പൂട്ടിയില്ലെങ്കിൽ പഞ്ചാബ് വലിയ വില നൽകേണ്ടി വരും.

Latest Videos

'എനിക്കൊന്നും കേള്‍ക്കേണ്ട'; ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് ലഖ്നൗ മുതലാളി

അവസാന ഓവറുകളിൽ ടീമിനെ ജയത്തിലേക്കെത്തിക്കാൻ ദിനേശ് കാർത്തിക്കുണ്ട്. എന്നാൽ കാമറൂൺ ഗ്രിനും ഗ്ലെൻ മാക്സ്‍വെല്ലിനും ബാറ്റിംഗിൽ താളം വീണ്ടെടുക്കാനായിട്ടില്ല. രജത് പട്ടീദാറും സ്ഥിരത പുലര്‍ത്തുന്നില്ല. തല്ലുകൊള്ളികൾ എന്ന ചീത്തപേര് മാറ്റാൻ ബൗളിംഗ് യൂണിറ്റും ശ്രമം തുടങ്ങി. അവസാനം കളിച്ച മത്സരത്തിൽ ഗുജറാത്തിനെ ചെറിയ സ്കോറിന് പുറത്താക്കാനായി. സിറാജും യാഷ് ദയാലും ഫോം വീണ്ടെടുത്തത് ആർസിബിക്ക് കരുത്തേകുന്നു.

ആർസിബിയെ പോലെ ഈ സീസണിൽ തോൽവികളിൽ നിന്ന് തിരിച്ചുവന്നവരാണ് പഞ്ചാബും. എന്നാൽ ചെന്നൈയോട് കളിച്ച അവസാന മത്സരത്തിൽ ബാറ്റിംഗ് നിര പരാജയപ്പെട്ടു. ജോണി ബെയർ സ്റ്റോ മികച്ച തുടക്കം നൽകിയാൽ പഞ്ചാബ് ആളികത്തും. വാലറ്റത്ത് വരെ തകർത്തടിക്കാനാകുന്ന ബാറ്റർമാരുടെ നീണ്ട നിരയുണ്ട്. പഞ്ചാബിന്‍റെ ബൗളിംഗിനെയാണ് ആർസിബി കരുതിയിരിക്കേണ്ടത്.

ഐപിഎല്‍ ഓറഞ്ച് ക്യാപ്: സഞ്ജുവിന്‍റെ മൂന്നാം സ്ഥാനം അടിച്ചെടുത്ത് 'അഞ്ഞൂറാനായി' ട്രാവിസ് ഹെഡ്; ലീഡുയർത്താൻ കോലി

ഹർഷൽ പട്ടേലും അർഷദീപ് സിംഗും അപകടകാരികൾ. വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുണ്ട് ഇരുവരും. സാം കറന്‍റെ ഓൾറൗണ്ട് മികവും പഞ്ചാബിന് കരുത്തേകും. ഈ സീസണിൽ പഞ്ചാബും ആർസിബിയും നേർക്കുനേർ വന്നപ്പോൾ 4 വിക്കറ്റിന്‍റെ ജയം ആർസിബിക്കായിരുന്നു. അന്ന് ആർസിബിയെ മുന്നിൽ നിന്ന് നയിച്ചത് വിരാട് കോലി. ഇതിന് കണക്കുവീട്ടാൻ കൂടി ഉറച്ചാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!