ഇപ്പോള്‍ ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകരെ കുറിച്ച് രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുയാണ് മുഷ്ഫിഖുര്‍. താന്‍ ഫോമിലാവുമ്പോഴെല്ലാം ആരാധകര്‍ ഡോണ്‍ ബ്രോഡ്മാനുമായി താരതമ്യം ചെയ്യാറുണ്ടെന്നാണ് മുഷ്ഫിഖുര്‍ പറയുന്നത്.
ധാക്ക: കഴിഞ്ഞ ദിവസാണ് ബംഗ്ലാദേശ് വെറ്ററന്‍ താരം മുഷ്ഫിഖുര്‍ റഹീം (Mushfiqur Rahim) ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കി. 5000 ക്ലബിലെത്തുന്ന ആദ്യത്തെ ബംഗ്ലാദേശ് (Bangladesh) താരമാണ് മുഷ്ഫിഖുര്‍. നിലവില്‍ ബംഗ്ലാദശ് ക്രിക്കറ്റില്‍ ഏറെ ആഘോഷിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് മുഷ്ഫിഖുര്‍. ശ്രീലങ്കയ്‌ക്കെതിരെ 105 റണ്‍സാണ് മുഷ്ഫിഖുര്‍ നേടിയത്.
ഇപ്പോള്‍ ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകരെ കുറിച്ച് രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുയാണ് മുഷ്ഫിഖുര്‍. താന്‍ ഫോമിലാവുമ്പോഴെല്ലാം ആരാധകര്‍ ഡോണ്‍ ബ്രോഡ്മാനുമായി താരതമ്യം ചെയ്യാറുണ്ടെന്നാണ് മുഷ്ഫിഖുര്‍ പറയുന്നത്. ''സെഞ്ചുറി നേടുമ്പോള്‍ എന്നെ ഡോണ്‍ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ രാജ്യത്ത് മാത്രമാണ് ഞാനിത് കണ്ടിട്ടുള്ളത്. എന്നാന്‍ റണ്‍സ് നേടാതിരിക്കുമ്പോള്‍ ആളുകളെ ശ്രദ്ധിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. ടീമിലെ സീനിയര്‍ താരങ്ങളില്‍ ഒരാളാണ് ഞാന്‍. ക്രിക്കറ്റ് കരിയറില്‍ ഇനി ഒരുപാട് ദൂരം മുന്നോട്ട് പോകാനില്ല. ഞാന്‍ മുകളില്‍ പറഞ്ഞ കാര്യം ഒരു സംസ്‌കാരമായി മാറികൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് പിന്തുണ ലഭിക്കണം. പുറത്തുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പ്രകടനത്തില്‍ അധികം ശ്രദ്ധിക്കാന്‍ കഴിയില്ല.'' മുഷ്ഫിഖുര്‍ പറഞ്ഞു.
ടെസ്റ്റില്‍ 5000 റണ്‍സ് നേടാനായതില്‍ സന്തോഷമുണ്ടെന്നും മുഷ്ഫിഖുര്‍. ''5000 ക്ലബിലെത്തുന്ന ആദ്യ ബംഗ്ലാദേശിയാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. പക്ഷേ, എനിക്കറിയാം ഞാന്‍ അവസാനത്തേതല്ല. സീനിയര്‍- ജൂനിയര്‍ താരങ്ങള്‍ 8000 അല്ലെങ്കില്‍ 10,000 റണ്‍സ് നേടാന്‍ കെല്‍പ്പുള്ള താരങ്ങളുണ്ട്.'' മുഷ്ഫിഖുര്‍ വ്യക്തമാക്കി.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 397 റണ്‍സാണ് നേടിയത്. എയ്്ഞ്ചലോ മാത്യൂസ് 199 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 465 റണ്‍സ് നേടി. മുഷ്ഫിഖുറിന് പുറമെ (105), തമീം ഇഖ്ബാല്‍ (133) സെഞ്ചുറി. 68 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശ്രീലങ്ക ആറിന് 260 എന്ന നിലയില്‍ നില്‍ക്കെ അഞ്ചാം ദിനം അവസാനിക്കുകയായിരുന്നു.