'ആരും നന്നായി കളിച്ചില്ല'; കൂറ്റന്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി ഹൈദരാബാദ് ക്യാപ്റ്റന്‍ കമ്മിന്‍സ്

തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.

pat cummins on sunrisers hyderabad failure against kolkata knight riders

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 80 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുണ്ടായത്. നാല് മത്സരങ്ങളില്‍ അവരുടെ മൂന്നാം തോല്‍വിയാണിത്. ഒരു മത്സരം മാത്രം ജയിച്ച ഹൈദരാബാദ് അവസാന സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദ് 16.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.

ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. മത്സരശേഷം താരം പറഞ്ഞതിങ്ങനെ... ''ടീമിന്റേത് മോശം പ്രകടനമായിരുന്നു. എത്തിപ്പിടിക്കാവുന്ന ലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നത്. ബാറ്റിംഗിലും ഫീല്‍ഡിംഗിലും മോശം പ്രകടനമായിരുന്നു. ബാറ്റര്‍മാര്‍ നന്നായി കളിച്ചില്ലെങ്കില്‍ മത്സരം സ്വന്തമാക്കാന്‍ കഴിയില്ല. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റും നിരാശപ്പെടുത്തി. ക്യാച്ച് അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ അവര്‍ക്ക് ഇത്രയും വലിയ സ്‌കോര്‍ നേടാന്‍ കഴിയില്ലായിരുന്നു. ടീമില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പരിശോധിക്കും.'' കമ്മിന്‍സ് പ്രതികരിച്ചു.

Latest Videos

കമ്മിന്‍സ് തുടര്‍ന്നു... ''മൂന്ന് ഓവര്‍ മാത്രമാണ് സ്പിന്നര്‍മാരെ ഉപയോഗിച്ചത്. സ്പിന്നിന് അനുകൂലമായ ഒരു സാഹചര്യം പിച്ചിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആദം സാംപയെ കളിപ്പിക്കാതിരുന്നതും.'' കമ്മിന്‍സ് വ്യക്തമാക്കി. സീസണിലെ രണ്ടാം ജയത്തോടെ നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള കൊല്‍ക്കത്ത നാലു പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 80 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റിലും(+0.070) കൊല്‍ക്കത്ത മുന്നോട്ട് കയറി.

സൂര്യകുമാര്‍ എങ്ങും പോവുന്നില്ല! മുംബൈ വിടുമെന്ന് വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യന്‍ താരം

രണ്ട് കളികളില്‍ രണ്ടും ജയിച്ച പഞ്ചാബ് കിംഗ്‌സാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. രണ്ട് കളികളില്‍ നാലു പോയന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നെറ്റ് റണ്‍റേറ്റില്‍(+1.320) പഞ്ചാബിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്.

vuukle one pixel image
click me!