ഒരു 10 ടെസ്റ്റെങ്കിലും അവന്‍ തികച്ച് കളിക്കുമെന്ന് തോന്നുന്നില്ല, ഓസീസ് ഓപ്പണറെക്കുറിച്ച് മുന്‍ ഇംഗ്ലണ്ട് താരം

By Web Desk  |  First Published Jan 9, 2025, 4:53 PM IST

അവനെക്കുറിച്ച് പറഞ്ഞാല്‍ ഒരു വശത്തു നിന്ന് ചിന്തിച്ചാല്‍ അവനൊരു സൂപ്പര്‍ താരമാകുമെന്ന് തോന്നും. എന്നാല്‍ മറുവശത്ത് നിന്ന് നോക്കിയാല്‍ അവന്‍ 10 ടെസ്റ്റ് പോലും തികച്ച് കളിക്കില്ലെന്നും


സിഡ്നി: ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ആക്രമണോത്സുക ബാറ്റിംഗ് കൊണ്ടും വിരാട് കോലിയുമായും ജസ്പ്രീത് ബുമ്രയുമായും കൊമ്പ് കോര്‍ത്തും വാര്‍ത്തകളില്‍ നിറഞ്ഞതാരമാണ് ഓസ്ട്രേലിയയുടെ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ്. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ ഫിഫ്റ്റി നേടിയ കോണ്‍സ്റ്റാസ് ജസ്പ്രീത് ബുമ്രക്കെകിരെ സ്കൂപ് ഷോട്ടും റാംപ് ഷോട്ടുമെല്ലാം കളിച്ച് വിസ്മയിപ്പിച്ചരുന്നു. പിന്നാലെ വിരാട് കോലിയുമായി കൊമ്പു കോര്‍ത്ത കോണ്‍സ്റ്റാസ് സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയുമായും ഉടക്കിയിരുന്നു.

സാം കോണ്‍സ്റ്റാസിന്‍റെ ബാറ്റിംഗ് കാണുമ്പോള്‍ ഒന്നുകില്‍ അവനൊരു സൂപ്പര്‍ താരമാകുമെന്നും ഇല്ലെങ്കില്‍ അവന്‍ ഓസ്ട്രേലിയക്കായി 10 ടെസ്റ്റ് പോലും തികച്ച് കളിക്കില്ലെന്നും തുറന്നു പറയുകയാണ് ഇംഗ്ലണ്ട് മുന്‍ പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ബുമ്രക്കെതിരെ സ്കൂപ് ഷോട്ടും റാംപ് ഷോട്ടുമെല്ലാം കളിച്ചെങ്കിലും അവന്‍റെ ഡിഫന്‍സ് ഇപ്പോഴും വലിയ ചോദ്യ ചിഹ്നമാണെന്ന് ഹാര്‍മിസണ്‍ ടോക് സ്പോര്‍ട് ക്രിക്കറ്റിനോട് പറഞ്ഞു.

Latest Videos

മുന്നില്‍ നയിക്കാനാണെങ്കില്‍ അവന്‍ തന്നെ വരണം, ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെ പ്രവചിച്ച് സുനില്‍ ഗവാസ്കര്‍

അവനെക്കുറിച്ച് പറഞ്ഞാല്‍ ഒരു വശത്തു നിന്ന് ചിന്തിച്ചാല്‍ അവനൊരു സൂപ്പര്‍ താരമാകുമെന്ന് തോന്നും. എന്നാല്‍ മറുവശത്ത് നിന്ന് നോക്കിയാല്‍ അവന്‍ 10 ടെസ്റ്റ് പോലും തികച്ച് കളിക്കില്ലെന്നും. കാരണം, ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ ഓപ്പണ്‍ ചെയ്യാനുള്ള ഡിഫന്‍സ് അവനുണ്ടോ എന്ന് സംശയമാണ്.

അവന്‍ പലപ്പോഴും ഡേവിഡ് വാര്‍ണറെ അനുകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വാര്‍ണര്‍ക്കുള്ള കളിയുടെ സ്വാഭാവിക ഒഴുക്കോ സാങ്കേതികത്തികവോ കോണ്‍സ്റ്റാസിനില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ അവന്‍ ഓസ്ട്രേലിയയുടെ ഓപ്പണറാകുന്നതില്‍ എനിക്ക് സന്തോഷമെയുള്ളുവെന്നും ഹാര്‍മിസണ്‍ പറഞ്ഞു.

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്', ജസ്പ്രീത് ബുമ്രയെ ഇന്ത്യൻ ക്യാപ്റ്റനാക്കരുതെന്ന് മുഹമ്മദ് കൈഫ്

ഇന്ത്യക്കെതിരായ മെല്‍ബൺ ടെസ്റ്റില്‍ അരങ്ങേറിയ സാം കോണ്‍സ്റ്റാസ് അദ്യ ഇന്നിംഗ്സില്‍ 60 റണ്‍സടിച്ച് തിളങ്ങിയപ്പോള്‍ തുടര്‍ന്നുള്ള ഇന്നിംഗ്സുകളില്‍ 8, 23, 22 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ഓസ്ട്രേലിയന്‍ ടീമിന്‍റെ വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരക്കുള്ള ഓസീസ് ടീമിലും കോണ്‍സ്റ്റാസിനെ ഓപ്പണറായി നിലനിര്‍ത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരെ ആദ്യ മൂന്ന് ടെസ്റ്റിലും ഓപ്പണ്‍ ചെയ്ത നഥാന്‍ മക്സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസിനെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഓസീസ് ഉള്‍പ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!