ഒന്നാം വിക്കറ്റില്‍ അയൂബ് - അബ്ദുള്ള ഷെഫീഖ് (പുറത്താവാതെ 64) സഖ്യം 137 റണ്‍സ് ചേര്‍ത്തു.
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിത്തില്‍ പാകിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. അഡ്ലെയ്ഡ് ഓവലില്‍ ഓസ്ട്രേലിയ മുന്നോട്ടുവച്ച 164 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന് 26.3 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 പന്തില്‍ 82 റണ്‍സ് നേടിയ സെയിം അയൂബാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ എട്ട് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ഓസീസിനെ തകര്‍ത്തത്. ഷഹീന് അഫ്രീദിക്ക് മൂന്ന്് വിക്കറ്റുണ്ട്. 35 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.
മോഹിപ്പിക്കുന്ന തുടക്കമാണ് മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അയൂബ് - അബ്ദുള്ള ഷെഫീഖ് (പുറത്താവാതെ 64) സഖ്യം 137 റണ്‍സ് ചേര്‍ത്തു. അയൂബിനെ, ആഡം സാംപ മടക്കിയെങ്കിലും അപ്പോഴേക്കും പാകിസ്ഥാന് വിജയമുറപ്പിച്ചിരുന്നു. ആറ് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അയൂബിന്റെ ഇന്നിംഗ്സ്. പിന്നീട് പിന്നീട് ബാബര്‍ അസമിനെ (പുറത്താവാതെ 15) കൂട്ടുപിടിച്ച് ഷെഫീഖ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നായിരുന്നു ഷെഫീഖിന്റെ ഇന്നിംഗ്സ്.
അഡ്ലെയ്ഡില് ടോസ് നേടിയ പാകിസ്ഥാന് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്, ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. സ്കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ജേക്ക് ഫ്രേസര്‍-മക്ഗുര്‍കിന്റെ (13) വിക്കറ്റ് ഓസീസിന നഷ്ടമായി. അഫ്രീദിയുടെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ സഹ ഓപ്പണര്‍ മാത്യൂ ഷോര്‍ട്ടും മടങ്ങി. 19 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സ്മിത്ത് - ജോഷ് ഇന്‍ഗ്ലിസ് (18) സഖ്യം പനേരിയ പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഇന്‍ഗ്ലിസിനെ ഹാരിസ് പുറത്താക്കി. മത്സരത്തില്‍ താരത്തിന്റെ ആദ്യ വിക്കറ്റായിരുന്നു അത്.
പിന്നീടെത്തിയവരെല്ലാം ഹാരിസിന്റെ പേസിന് മുന്നില്‍ കീഴടങ്ങി. ഇതിനിടെ സ്മിത്തിനെ, മുഹമ്മദ് ഹസ്നൈന് പുറത്താക്കി. മര്‍നസ് ലബുഷെയ്ന് (6), ആരോണ്‍ ഹാര്‍ഡി (14), ഗ്ലെന്‍ മാക്സ്വെല് (16), പാറ്റ് കമ്മിന്‍സ് (13) എന്നിവരെയാണ് ഹാരിസ് മടക്കിയത്. വാലറ്റത്ത് ആഡം സാംപ (18) നടത്തിയ പോരാട്ടമാണ് സ്കോര്‍ 150 കടത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ (1) നസീം ഷാ മടക്കി. ജോഷ് ഹേസല്‍വുഡ് (2) പുറത്താവാതെ നിന്നു.