സെപ്റ്റംബറിൽ പാകിസ്ഥാൻ വേദിയാവുന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്താണ് നടത്തുക
ലാഹോര്‍: ഏകദിന ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ. മത്സരങ്ങൾ മറ്റൊരു രാജ്യത്ത് നടത്തണമെന്നാണ് പാകിസ്ഥാന്‍റെ ആവശ്യം.
സെപ്റ്റംബറിൽ പാകിസ്ഥാൻ വേദിയാവുന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്താണ് നടത്തുക. രാഷ്ട്രീയ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാനാവില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ശ്രീലങ്ക, യുഎഇ, ഇംഗ്ലണ്ട് എന്നിവയാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ കളിക്കില്ലെന്ന് പാകിസ്ഥാനും നിലപാടെടുത്തിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനിൽ കളിച്ചാൽ മാത്രം പാക് ടീമിനെ ലോകകപ്പിനായി ഇന്ത്യയിലേക്ക് അയച്ചാൽ മതിയെന്നാണ് പിസിബിയുടെ തീരുമാനം. ഇല്ലെങ്കിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ബംഗ്ലാദേശിലോ ശ്രീലങ്കയിലോ നടത്തണമെന്നും പിസിബി ആവശ്യപ്പെടുന്നു.
2025ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും പാകിസ്ഥാനാണ് വേദിയാവുന്നത്. ഇതും മുന്നിൽ കണ്ടാണ് പാകിസ്ഥാൻ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. പാകിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കാൻ എത്തണമെന്നും പാക് മുൻ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാന്‍റെ പുതിയ ഭീഷണിയോടെ ഇരു ബോര്‍ഡുകളും തമ്മിലുള്ള ശീതസമരം വീണ്ടും കടുക്കുമെന്ന് ഉറപ്പായി.
ഐപിഎല്‍: ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടില്‍ രോഹിത് ശര്‍മ്മ ഔട്ട്! ഹിറ്റ്‌മാന്‍ എവിടെയെന്ന് ആരാധകര്‍