കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ നടക്കുന്ന പുതുവത്സര ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് ഇടംകൈയ്യന്‍ ബാറ്റര്‍ ഈ നേട്ടം കൈവരിച്ചത്.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ 145 റണ്‍സെടുത്താന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് പുറത്താവുന്നത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 615നെതിരെ പാകിസ്ഥാന്‍ മറുപടി ബാറ്റിംഗില്‍ 194ന് പുറത്തായിരുന്നു. ഫോളോഓണ്‍ വഴങ്ങിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 400 കടന്നിരുന്നു. പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഷാന്‍ മസൂദിന്റെ ഇന്നിംഗ്‌സായിരുന്നു. 251 പന്തുകള്‍ നേരിട്ട ഷാന്‍ 17 ബൗണ്ടറികളും നേടി. ഇതിനിടെ 27 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരിലാക്കി.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു പാക് താരത്തിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണ് ഷാന്‍ സ്വന്തമാക്കിയത്. കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ നടക്കുന്ന പുതുവത്സര ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് ഇടംകൈയ്യന്‍ ബാറ്റര്‍ ഈ നേട്ടം കൈവരിച്ചത്. 1998 ഫെബ്രുവരിയില്‍ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ അസ്ഹര്‍ മെഹമൂദ് നേടിയ 136 റണ്‍സിന്റെ റെക്കോര്‍ഡാണ് ഷാന്‍ തകര്‍ത്തത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഒന്നിലധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഒരേയൊരു പാകിസ്ഥാന്‍ ബാറ്റര്‍ മെഹ്മൂദ് തന്നെ.
അതേ പരമ്പരയില്‍ ഡര്‍ബനിലെ കിംഗ്‌സ്‌മെഡിലും മെഹ്മൂദ് സെഞ്ചുറി നേടിയിരുന്നു. തൗഫീഖ് ഉമര്‍, സയീദ് അന്‍വര്‍, യൂനിസ് ഖാന്‍, അസദ് ഷഫീഖ് എന്നിവരാണ് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ചുറി നേടിയ മറ്റ് പാക് ബാറ്റര്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ പാക് താരങ്ങളെ അറിയാം.
ഷാന്‍ മസൂദ് - 145 കേപ്ടൗണ്‍ (ജനുവരി 2025)
അസ്ഹര്‍ മഹ്മൂദ് - 136 ജോഹന്നാസ്ബര്‍ഗ് (ഫെബ്രുവരി 1998)
തൗഫീഖ് ഉമര്‍ - 135 കേപ് ടൗണ്‍ (ജനുവരി 2003)
അസ്ഹര്‍ മഹ്മൂദ് - 132 ഡര്‍ബന്‍ (ഫെബ്രുവരി 1998)
സയീദ് അന്‍വര്‍ - 118 ഡര്‍ബന്‍ (ഫെബ്രുവരി 1998)
യൂനിസ് ഖാന്‍ - 111, കേപ്ടൗണ്‍ (ഫെബ്രുവരി 2013)
അസദ് ഷഫീഖ് - 111, കേപ്ടൗണ്‍ (ഫെബ്രുവരി 2013)
ഷാന്‍ മസൂദ് മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ പാക് ക്യാപ്റ്റനെന്ന റെക്കോര്‍ഡും മസൂദ് സ്വന്തമാക്കി. 1995 ജനുവരിയില്‍ 154 പന്തില്‍ 99 റണ്‍സ് നേടിയ സലീം മാലിക്കിന്റെ പേരിലായിരുന്ന ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. 2007 ജനുവരിയില്‍, ഇതിഹാസ താരം ഇന്‍സമാം ഉള്‍ ഹഖ് കെബെര്‍ഹയില്‍ പുറത്താകാതെ 92 റണ്‍സ് നേടിയിരുന്നു.