അടുത്തിടെ ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളര്‍മാര്‍ തല്ലുവാങ്ങി വലഞ്ഞത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു
പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിനായി ശക്തമായ ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ അഭാവമാണ് ലോകകപ്പ് തുടങ്ങും മുമ്പേ രോഹിത് ശര്‍മ്മയുടേയും കൂട്ടരുടേയും കടുത്ത ആശങ്ക. ബുമ്രയുടെ അഭാവം പരിഹരിക്കാന്‍ നിലവിലെ പേസര്‍മാര്‍ക്ക് കഴിയുമോ എന്ന സംശയം ശക്തം. ഇതിനിടെ ഇന്ത്യയുടെ സീനിയര്‍ പേസറായ ഭുവിയുടെ മികവില്‍ ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ വസീം അക്രം.
'ടീം ഇന്ത്യക്ക് ഭുവനേശ്വര്‍ കുമാറുണ്ട്. ന്യൂ ബോളില്‍ അദ്ദേഹം മികച്ച ബൗളറാണ്. എന്നാല്‍ സ്വിങ് ലഭിച്ചില്ലെങ്കില്‍ നിലവിലെ പേസില്‍ ഭുവി ഓസ്ട്രേലിയയില്‍ മികവ് കാട്ടാന്‍ പാടുപെടും. ഭുവനേശ്വര്‍ മികച്ച ബൗളറാണ് എന്ന കാര്യത്തില്‍ സംശമില്ല. ഇരു വശത്തേക്കും സ്വിങ് ചെയ്യാനാകും, യോര്‍ക്കറുകള്‍ എറിയും. എന്നാല്‍ ഓസ്ട്രേലിയയില്‍ പേസ് വേണം. ഇത് ഓസ്ട്രേലിയയാണ്. ഇവിടെ ഓസീസ് മികച്ച പ്രകടനം പുറത്തെടുത്തേക്കും. അവര്‍ക്ക് മികച്ച ബൗളിംഗ് നിരയുണ്ട്, മാത്രമല്ല പിച്ചുകള്‍ നന്നായി അറിയുകയും ചെയ്യും. ഇന്ത്യയുടേത് മികച്ച ബാറ്റിംഗ് ലൈനപ്പാണ്. എന്നാല്‍ ഇതുവരെ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. പാകിസ്ഥാന്‍റെ മധ്യനിര പാടുപെടുകയാണ്. മികച്ച ഓപ്പണര്‍മാരും ബൗളര്‍മാരുമുള്ള പാകിസ്ഥാന് മധ്യനിര ബാറ്റര്‍മാര്‍ കൂടി താളം കണ്ടെത്തിയാല്‍ ലോകകപ്പില്‍ സാധ്യതയുണ്ട്' എന്നും അക്രം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളര്‍മാര്‍ തല്ലുവാങ്ങി വലഞ്ഞത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അര്‍ഷ്‌ദീപ് സിംഗ് മാത്രമാണ് നിലവിലെ പേസര്‍മാരില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത്. ഭുവിക്കൊപ്പം ഹര്‍ഷല്‍ പട്ടേലിന്‍റെ ഡെത്ത് ഓവര്‍ മികവും ചോദ്യചിഹ്നമാണ്. ബുമ്രയുടെ പകരക്കാരന്‍ ആരാവും എന്ന സസ്‌പെന്‍സ് ബിസിസിഐ തുടരുകയാണ്. ഇതുവരെ പകരക്കാരനെ പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. മുഹമ്മദ് ഷമിക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നതെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സിറാജിന്‍റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
ഏഷ്യാ കപ്പ്: ഷെഫാലി വെടിക്കെട്ട്; തായ്‌ലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 148 റണ്‍സ്