പ്ലേ ഓഫിലെത്തിയ മറ്റ് മൂന്ന് ടീമുകളോടായി അഞ്ച് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോഴും ഒരിക്കൽ പോലും ലഖ്‌നൗവിന് ജയിക്കാനായിരുന്നില്ല
കൊല്‍ക്കത്ത: ഐപിഎൽ(IPL 2022) പ്ലേ ഓഫിലെ എലിമിനേറ്ററിൽ(LSG vs RCB Eliminator) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ(Royal Challengers Bangalore) ഇന്ന് നേരിടുമ്പോള്‍ ഒരു മോശം റെക്കോർഡാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ(Lucknow Super Giants) ആശങ്കപ്പെടുത്തുന്നത്. പ്ലേ ഓഫിലെത്തിയ മറ്റ് മൂന്ന് ടീമുകളോടായി അഞ്ച് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോഴും ഒരിക്കൽ പോലും ലഖ്‌നൗവിന് ജയിക്കാനായിരുന്നില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സീസണിൽ തന്നെ തോറ്റാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തുടങ്ങിയത്. കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് അഞ്ച് വിക്കറ്റിന് ലഖ്നൗവിനെ വീഴ്ത്തിയത്. പിന്നാലെ തുടരെ മൂന്ന് ജയം നേടി തിരിച്ചുവന്ന ലഖ്നൗ രാജസ്ഥാന്‍ റോയല്‍സിന് മുന്നിൽ പക്ഷേ വീണു. ആവേശപ്പോരിൽ മൂന്ന് റൺസിനായിരുന്നു രാജസ്ഥാന്‍റെ ജയം. ആർസിബിയെ നേരിട്ടപ്പോഴും ലഖ്നൗവിന് ജയിക്കാനായില്ല. 18 റൺസിനായിരുന്നു തോൽവി. രണ്ടാം തവണയും ഗുജറാത്തിന് മുന്നിലെത്തിയപ്പോൾ ലഖ്നൗവിന്‍റെ മുട്ടിടിച്ചു. 62 റൺസിന്‍റെ വമ്പൻ തോൽവിയാണ് ടീം നേരിട്ടത്. വെറും 82 റൺസിനാണ് അന്ന് ലഖ്‌നൗ ബാറ്റർമാർ കൂടാരം കയറിയത്. രാജസ്ഥാന് മുന്നിൽ വീണ്ടുമെത്തിയപ്പോൾ 24 റൺസിന് തോറ്റു.
undefined
പ്ലേ ഓഫിലെത്തിയ മൂന്ന് ടീമുകൾ ഒഴികെയുള്ള ആറ് ടീമുകൾക്കെതിരെയും എല്ലാ മത്സരവും ലഖ്‌നൗ ജയിച്ചുവെന്നതും ശ്രദ്ധേയം. പ്ലേ ഓഫിൽ മൂന്ന് ടീമിനോടും പകരം വീട്ടി കിരീടം നേടാനാകും രാഹുലും സംഘവും ഇറങ്ങുക.
ഐപിഎൽ പ്ലേ ഓഫിലെ എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ആദ്യ സീസണിൽ തന്നെ പ്ലേ ഓഫിലെത്തിയ കരുത്തുമായാണ് ലഖ‌്‌നൗവിന്‍റെ വരവെങ്കില്‍ ആദ്യ കിരീടം തേടിയിറങ്ങുന്ന ആർസിബിക്കും ഇത് സ്വപ്‌ന പോരാട്ടം. ഇന്ന് തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ മെയ് 27ന് രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.
IPL 2022 : തോറ്റാല്‍ കഥ തീര്‍ന്നു; ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ അങ്കം