ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താവുക കോലിയോ രോഹിത്തോ അല്ല; മറ്റൊരു സീനിയര്‍ താരം

By Web Desk  |  First Published Jan 9, 2025, 9:35 PM IST

അക്സര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍ റൗണ്ടറായി ഇന്ത്യൻ ടീമില്‍ സ്ഥാനം ഉറപ്പിച്ചതോടെ ഏകദിന ടീമിലെ ജഡേജയുടെ  സ്ഥാനം തുലാസിലാണ്.


മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയുമൊന്നും സ്ഥാനങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച മറ്റൊരു സീനിയര്‍ താരം രവീന്ദ്ര ജഡേജക്ക് ചാമ്പ്യൻസ് ട്രോഫി ടീമിലിടം കിട്ടാനുള്ള സാധ്യത വിരളമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ടെസ്റ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും സമീപകാലത്തെ ജഡേജയുടെ പ്രകടനം ശരാശരി മാത്രമാണെന്നും ഈ സാഹചര്യത്തില്‍ 36കാരനായ ജഡേജക്ക് ചാമ്പ്യൻസ് ട്രോഫി ടീമില്‍ സ്ഥാനം നേടുക അസാധ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ജഡേജയെ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

Latest Videos

ഗൗതം ഗംഭീര്‍ കപടനാട്യക്കാരൻ, തുറന്നടിച്ച് മുൻ സഹതാരം; മറുപടിയുമായി ഇന്ത്യൻ താരങ്ങള്‍

അക്സര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍ റൗണ്ടറായി ഇന്ത്യൻ ടീമില്‍ സ്ഥാനം ഉറപ്പിച്ചതോടെ ഏകദിന ടീമിലെ ജഡേജയുടെ  സ്ഥാനം തുലാസിലാണ്. 2027ലെ ഏകദിന ലോകകപ്പില്‍ ജഡേജ കളിക്കാന്‍ സാധ്യത വിരളമാണെന്നിരിക്കെ ജഡേജക്ക് പകരം യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഗൗതം ഗംഭീറിനും അനുകൂല നിലപാടാണ്. 2027ലെ ലോകകപ്പിനുള്ള ടീമില്‍ ജഡേജക്ക് ഇടമുണ്ടാകില്ലെന്ന് ഉറപ്പായിരിക്കെ ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തുക ബുദ്ധിമുട്ടാകും.

ഒറ്റ സിക്സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്; വിജയ് ഹസാരെയില്‍ ലോക റെക്കോര്‍ഡുമായി തമിഴ്നാട് താരം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നാലു വിക്കറ്റ് മാത്രം വീഴ്ത്താനായ ജഡേജയുടെ ടെസ്റ്റ് ഭാവിയും വലിയ ചോദ്യചിഹ്നമാണ്. സെലക്ടര്‍മാര്‍ തലമുറ മാറ്റമെന്ന ആവശ്യത്തിന് മുന്‍തൂക്കം നല്‍കിയാല്‍ ആദ്യം പുറത്താവുക വിരാട് കോലിയോ രോഹിത് ശര്‍മയോ ആയിരിക്കില്ലെന്നും അത് ജഡേജയാകുമെന്നാണ് സൂചന. അതിന്‍റെ ആദ്യ സൂചനയാവും ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനമെന്നാണ് കരുതുന്നത്. ഈ മാസം 12 ആണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയത്. ശനിയാഴ്ചയോടെ ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!