ഐപിഎല്‍ പതിനാറാം സീസണ്‍ ഏറ്റവും നിര്‍ണായകമാവുന്നത് ആര്‍ക്കാണ് എന്ന് വ്യക്തമാക്കി വീരു
അഹമ്മദാബാദ്: സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍ തുടങ്ങി നിരവധി താരങ്ങളെ സംബന്ധിച്ച് ഐപിഎല്‍ 2023 സീസണ്‍ നിര്‍ണായകമാണ്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇവര്‍ക്കെല്ലാം മികച്ച പ്രകടനം പുറത്തെടുക്കണം. ലോകകപ്പ് മുമ്പില്‍ നില്‍ക്കേ ഐപിഎല്‍ പതിനാറാം സീസണ്‍ ഏറ്റവും നിര്‍ണായകമാവുന്നത് ഇവരില്‍ ആര്‍ക്കാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
വരുന്ന ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാന്‍ കിഷന് ഏറെ തെളിയിക്കാനുണ്ട് എന്നാണ് വീരേന്ദര്‍ സെവാഗിന്‍റെ വാക്കുകള്‍. 'ആദ്യം ഞാന്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ കുറിച്ചാണ് ചിന്തിച്ചത്. എന്നാല്‍ ഈയിടയായി ഇഷാന്‍ കിഷന്‍ അധികം റണ്‍സ് നേടിയിട്ടില്ല, അതുകൊണ്ട് കൂടുതല്‍ അവസരം കിട്ടിയുമില്ല. അതിനാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം ഇഷാന്‍ ലക്ഷ്യമിടുന്നു. അതുവഴി ഇഷാന്‍ കിഷന് ഇന്ത്യന്‍ ടീമില്‍ ഏകദിന ലോകകപ്പിന് അവസരം ലഭിക്കാം. അതിന് ശേഷം രാജ്യാന്തര ട്വന്‍റി 20കളിലും താരത്തിന് കൂടുതല്‍ അവസരങ്ങള്‍ കൈവന്നേക്കാം' എന്നും വീരു ക്രിക്‌ബസിനോട് പറഞ്ഞു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി സ്റ്റാര്‍ ബാറ്ററും നായകനുമായ സഞ്ജു സാംസണെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ് ഐപിഎല്‍ 2023 സീസണ്‍. അതിനാല്‍ കഠിന പരിശ്രമമാണ് ഐപിഎല്ലിന് മുമ്പ് സഞ്ജു നടത്തിയത്.
ഐപിഎല്‍ കരിയറില്‍ 75 മത്സരങ്ങളില്‍ 12 ഫിഫ്റ്റികള്‍ സഹിതം 1870 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ ഫോം കണ്ടെത്താനായാല്‍ ഇഷാന് ഏകദിന ലോകകപ്പിന് മുമ്പ് ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കാം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികളോടെ 418 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്കോര്‍ ചെയ്‌തത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ്(120.11) ആകര്‍ഷകമായിരുന്നില്ല. പുറത്താവാതെ നേടിയ 81* ആയിരുന്നു ഉയര്‍ന്ന സ്കോര്‍. രാജ്യാന്തര ക്രിക്കറ്റിലാവട്ടെ ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷം അവസരം കുറയുകയും കിട്ടിയ അവസരങ്ങളില്‍ ഫോം തെളിയിക്കാന്‍ കഴിയാതെ വരികയും ചെയ്‌തു. ഓസ്ട്രേലിയക്കെതിരെ അടുത്തിടെ ആദ്യ ഏകദിനത്തില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഇഷാന് അവസരം കിട്ടിയെങ്കിലും താരം എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി.
ആദ്യ അങ്കത്തിന് തൊട്ടുമുമ്പ് സിഎസ്‌കെയ്‌ക്ക് പ്രഹരം; പേസര്‍ പരിക്കേറ്റ് പുറത്ത്