രോഹിത് സ്ഥാനമൊഴിഞ്ഞാൽ ഇന്ത്യൻ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് സീനിയര്‍ താരം, അത് വിരാട് കോലിയെന്ന് റിപ്പോര്‍ട്ട്

By Web Desk  |  First Published Jan 1, 2025, 5:11 PM IST

രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യയെ പെര്‍ത്ത് ടെസ്റ്റില്‍ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ജസ്പ്രീത് ബുമ്രക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.


മുംബൈ: ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുശേഷം രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ടീമിന്‍റെ ഇടക്കാല ക്യാപ്റ്റനാവാന്‍ സന്നദ്ധത അറിയിച്ച് സീനിയര്‍ താരം. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുമ്ര ഇന്ത്യൻ നായകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടീം അംഗങ്ങള്‍ക്കിടയില്‍ 'മിസ്റ്റർ ഫിക്സിറ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സീനിയര്‍ താരവും ക്യാപ്റ്റനാവാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രോഹിത് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങള്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും, കെ എല്‍ രാഹുലുമാണ്. ഇവരിൽ കോലി തന്നെയാണ് ക്യാപ്റ്റനാവാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഹിത്തിന്‍റെ പിന്‍ഗാമി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ചില യുവതാരങ്ങളുടെ കഴിവില്‍ ഈ താരം സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ക്യാപ്റ്റന്‍സിക്ക് പാകമാകുന്നതുവരെ ഇടക്കാല ക്യാപ്റ്റനാവാന്‍ തയാറണെന്നുമാണ് സീനിയര്‍ താരം ടീം മാനേജ്മെന്‍റിെന അറിയിച്ചിരിക്കുന്നത്.

Latest Videos

ഐസിസി ടെസ്റ്റ് റാങ്കിംഗ്: വിരാട് കോലി ആദ്യ 20ൽ നിന്ന് പുറത്ത്, സ്മിത്തിന് നേട്ടം; രോഹിത്തിനും തിരിച്ചടി

സിഡ്നി ടെസ്റ്റില്‍ ജയിക്കാന്‍ കഴിയാതിരിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ നിലവില്‍ വൈസ് ക്യാപ്റ്റനും രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്ത്യയെ പെര്‍ത്ത് ടെസ്റ്റില്‍ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ജസ്പ്രീത് ബുമ്രക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

എന്നാല്‍ പരിക്ക് ബുമ്രയുടെ കരിയറില്‍ എപ്പോഴും വില്ലനാവാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യക്കായി എല്ലാ ടെസ്റ്റുകളിലും ബുമ്ര കളിക്കാനുള്ള സാധ്യത വിരളമാണ്. ഈ സാഹചര്യത്തില്‍ യുവതാരങ്ങളായ റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് മുമ്പ് ഇടക്കാല ക്യാപ്റ്റനാവാന്‍ സീനിയര്‍ താരം സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത്. എന്തായാലും സിഡ്നി ടെസ്റ്റാവും രോഹിത് ശര്‍മയുടെ കരിയര്‍ തീരുമാനിക്കുക എന്നകാര്യം ഉറപ്പായിട്ടുണ്ട്. സിഡ്നിയില്‍ ജയിക്കാനായില്ലെങ്കില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ഇന്ത്യൻ ക്യാംപില്‍ നിന്ന് വരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!