ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കടന്നില്ലെങ്കിലും ടിം ഡേവിഡ് വെടിക്കെട്ട് ബാറ്റിംഗുമായി ശ്രദ്ധനേടുകയായിരുന്നു
സിഡ്‌നി: ഐപിഎല്ലില്‍(IPL 2022) വെടിക്കെട്ട് ബാറ്റിംഗുമായി ശ്രദ്ധ നേടിയ ടിം ഡേവിഡ്(Tim David) ഓസ്‌ട്രേലിയന്‍ ടീമിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യൂ വെയ്‌ഡ്(Matthew Wade). 'അദേഹം ഗംഭീര ഫോമിലാണ്. ഐപിഎല്‍ പതിനഞ്ചാം സീസണ്‍ ഏറ്റവും മികച്ചതാണ്. പന്ത് ഹിറ്റ് ചെയ്യാന്‍ ഗംഭീര കഴിവുണ്ടെന്ന് അയാള്‍ തെളിയിച്ചു. ഒരുനാള്‍ ഓസീസ് കുപ്പായത്തില്‍ അയാള്‍ ഉറപ്പായും കളിക്കും. ടിം ഡേവിഡ് ഐപിഎല്‍ ടൂര്‍ണമെന്‍റ് അവസാനിപ്പിച്ച രീതിയില്‍ ഏറെ സന്തോഷമുണ്ട്' എന്നും വെയ്‌ഡ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കടന്നില്ലെങ്കിലും ടിം ഡേവിഡ് വെടിക്കെട്ട് ബാറ്റിംഗുമായി ശ്രദ്ധനേടുകയായിരുന്നു. സീസണില്‍ 216 ആണ് താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ്. ഏതെങ്കിലുമൊരു ഐപിഎല്‍ സീസണില്‍ 50 പന്തിലധികം നേരിട്ട താരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണിത്. എട്ട് മത്സരങ്ങളില്‍ 31.17 ശരാശരിയില്‍ 187 റണ്‍സ് ഡേവിഡ് അടിച്ചുകൂട്ടി. ഇതില്‍ 16 സിക്‌സറുകള്‍ ഉള്‍പ്പെടുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ അവസാന മത്സരത്തില്‍ 11 പന്തില്‍ 34 റണ്‍സുമായി മിന്നിയിരുന്നു. ടി20 കരിയറില്‍ 159.36 ആണ് ഡേവിഡിന്‍റെ സ്‌ട്രൈക്ക് റേറ്റ്. ബിഗ് ബാഷ് ലീഗിലും ദ് ഹണ്ട്രഡിലും വെടിക്കെട്ട് ബാറ്റിംഗ് ഡേവിഡ് മുമ്പ് കാഴ്‌ചവെച്ചിരുന്നു. ഐപിഎല്ലില്‍ മുമ്പ് ആര്‍സിബിയുടെ താരമായിരുന്നു.
ടിം ഡേവിഡ് പറയുന്നത്...
'പ്രതീക്ഷിച്ച മത്സരഫലം ലഭിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഞങ്ങള്‍ നേരിട്ട വെല്ലുവിളി നോക്കുമ്പോള്‍ ആശ്വാസമരുളുന്ന സീസണ്‍ കൂടിയാണിത്. വ്യക്തിപരമായി ഞാനുമേറെ വെല്ലുവിളികള്‍ നേരിട്ടു. അധികമാരെയും അറിയാത്ത ടൂര്‍ണമെന്‍റിലേക്ക് എത്തിയപ്പോള്‍ തുടക്കം അപരിചിതവും വെല്ലുവിളിയുമായി. എന്നാല്‍ ടൂര്‍ണമെന്‍റ് മുന്നേറിയതിന് അനുസരിച്ച് ആ പ്രശ്‌നം പരിഹരിക്കപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെ എല്ലാവരുമായി പരിചയത്തിലായി' എന്നും ടിം ഡേവിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിംഗപ്പൂരില്‍ ജനിച്ച ടിം ഡേവിഡ് പിന്നീട് ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. വമ്പനടികള്‍ക്ക് പേരുകേട്ട ഡേവിഡിനെ ഐപിഎല്‍ താരലേലത്തില്‍ 8.25 കോടി രൂപ മുടക്കിയാണ് മുംബൈ ടീമിലെടുത്തത്. ആദ്യ മത്സരങ്ങളില്‍ ഡേവിഡിന് പകരം കെയ്റോണ്‍ പൊള്ളാര്‍ഡിനാണ് മുംബൈ അവസരം നല്‍കിയത്. എന്നാല്‍ പൊള്ളാര്‍ഡിന് ഇത്തവണ തിളങ്ങാനാവാതെ വന്നതോടെയാണ് മുംബൈ ഡേവിഡിനെ അന്തിമ ഇലവനില്‍ കളിപ്പിച്ചത്.
IPL 2022 : 'നിരാശയുണ്ട്'; മുംബൈ ഇന്ത്യന്‍സിന്‍റെ ദയനീയ പ്രകടനത്തെ കുറിച്ച് ടിം ഡേവിഡ്