ഫ്ലവറല്ല, ഫയറാണ് നിതീഷ് കുമാർ റെഡ്ഡി, മെൽബണിൽ കന്നി ടെസ്റ്റ് സെഞ്ചുറി; റൺവേട്ടയിൽ മുന്നിൽ ട്രാവിസ് ഹെഡ് മാത്രം

By Web Desk  |  First Published Dec 28, 2024, 11:58 AM IST

10 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് നിതീഷിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി.


മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന 21കാരനെ ഉള്‍പ്പെടുത്തിയപ്പോള്‍ നെറ്റിചുളിച്ചവരാണ് പലരും. ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും മാത്രം മികവ് കാട്ടിയതിന്‍റെ പേരില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക പരമ്പരയില്‍ നിതീഷിനെ ഉള്‍പ്പെടുത്തിയപ്പോൾ സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് യുവതാരം കന്നി ടെസ്റ്റ് സെഞ്ചുറിയിലൂടെ ഇന്ന് മെല്‍ബണില്‍ നല്‍കിയത്. സെഞ്ചുറിക്ക് അരികെ അതുവരെ കൂട്ടുനിന്ന സുന്ദറും പിന്നാലെ ബുമ്രയും മടങ്ങിയപ്പോള്‍ നാട്ടുകാരനായ മുഹമ്മദ് സിറാജ് കമിന്‍സിന്‍റെ മൂന്ന് പന്തുകള്‍ പ്രതിരോധിച്ച് നിതീഷിന് സെഞ്ചുറിയിലേക്കുള്ള വഴിവെട്ടി. ഒടുവില്‍ സ്കോട് ബൗളണ്ടിനെ സ്ട്രൈറ്റ് ബൗണ്ടറി കടത്തി 170 പന്തില്‍ നിതീഷ് ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചു. 10 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് നിതീഷിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 474 ന് മറുപടിയായി 221-7 എന്ന സ്കോറില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ ഇന്ത്യയെ എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാറും ഒമ്പതാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കരകയറ്റിയെന്നത് മാത്രമല്ല, ഇന്ത്യയെ പരജായ മുനമ്പില്‍ നിന്നുകൂടി പിടിച്ചുമാറ്റി. 127 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ച് നഥാന്‍ ലിയോണ്‍ സുന്ദറിനെ(50) പുറത്താക്കുമ്പോള്‍ നിതീഷ് റെഡ്ഡി 97ല്‍ എത്തിയിരുന്നു. പിന്നീട് രണ്ട് റണ്‍സ് ഓടിയെടുത്ത നിതീഷ് 99ല്‍ നില്‍ക്കെയാണ് കമിന്‍സ് ബുമ്രയെ സ്ലിപ്പില്‍ ഖവാജയുടെ കൈകളിലെത്തിക്കുന്നത്. ഇതോടെ അര്‍ഹിച്ച സെഞ്ചുറി നിതീഷിന് നഷ്ടമാകുമോ എന്ന സസ്പെന്‍സിലായി ആരാധകര്‍. എന്നാല്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും കമിന്‍സിന്‍റെ മൂന്ന് പന്തുകള്‍ അതിജീവിച്ച് സിറാജ് ബാറ്റിംഗില്‍ നിതീഷിന് സെഞ്ചുറിയിലേക്ക് വഴിയൊരുക്കി.

Latest Videos

undefined

'ആദ്യ രണ്ടോവറില്‍ തന്നെ ആറോ ഏഴോ തവണ അവനെ പുറത്താക്കാമായിരുന്നു', കോണ്‍സ്റ്റാസിനെക്കുറിച്ച് ബുമ്ര

ഈ പരമ്പരയില്‍ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലടക്കം നാലു തവണ ഇന്ത്യയുടെ ടോപ് സ്കോററായ നിതീഷ് പരമ്പരയിലെ റണ്‍വേട്ടയിലും ഇന്ത്യയുടെ ടോപ് സ്കോററാണിപ്പോള്‍. യശസ്വി ജയ്സ്വാളിനെയും വിരാട് കോലിയെയും രോഹിത് ശര്‍മയെയും സ്റ്റീവ് സ്മിത്തിനെയും മാര്‍നസ് ലാബുഷെയ്നിനെയും പോലുള്ള മുന്‍നിര ബാറ്റര്‍മാരെ മറികടന്നാണ് ഇന്ത്യക്കായി എട്ടാമനായി ക്രീസിലെത്തുന്ന നിതീഷ് പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാമനായത്. ഓസ്ട്രേലിയയില്‍ സെഞ്ചുറിനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററുമാണ് നിതീഷ് കുമാര്‍ റെഡ്ഡി. സച്ചിനും(18 വയസ്) റിഷഭ് പന്തും(21 വയസ്) എന്നിവരാണ് നിതീഷിന് മുന്നിലുള്ളത്.

NITISH KUMAR REDDY - A SUPERSTAR IN MAKING...!!!! 🌟

- The Emotions and happiness of Nitish Reddy & his father is precious. ❤️pic.twitter.com/5PESWLMK9v

— Tanuj Singh (@ImTanujSingh)

ഓസ്ട്രേലിയയില്‍ ഇന്ത്യക്കായി എട്ടാം നമ്പറിലിറങ്ങുന്ന ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും നിതീഷ് ഇന്ന് അടിച്ചെടുത്തു. 2008ല്‍ അഡ്‌ലെയ്ഡില്‍ 87 റണ്‍സടിച്ച അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് നിതീഷ് ഇന്ന് മറികടന്നത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്നുയര്‍ത്തിയ കൂട്ടുകെട്ടിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ന് നിതീഷും സുന്ദറും ചേര്‍ന്ന് മെല്‍ബണില്‍ പുറത്തെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

click me!