ENG vs NZ : എങ്ങനെ പിടികൂടി ജോണി ബെയര്‍സ്റ്റോ! ഇത് വണ്ടര്‍, തണ്ടര്‍ ക്യാച്ച്- വീഡിയോ

By Jomit Jose  |  First Published Jun 2, 2022, 5:48 PM IST

വിന്‍റേജ് ജിമ്മിയുടെ ഒന്നാന്തരമൊരു ഗുഡ്‌ ലെങ്ത് പന്തില്‍ ബാറ്റ് വെച്ച വില്‍ യങ്ങിന് പിഴയ്‌ക്കുകയായിരുന്നു


ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന്‍റെ(ENG vs NZ 1st Test) ആദ്യ മണിക്കൂറില്‍ തന്നെ ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ച് വണ്ടര്‍ ക്യാച്ച്. ജിമ്മി ആന്‍ഡേഴ്‌സണിന്‍റെ(James Anderson) പന്തില്‍ കിവീസ് ഓപ്പണര്‍ വില്‍ യങ്ങിനെ(Will Young) പുറത്താക്കാന്‍ ജോണി ബെയര്‍സ്റ്റോയാണ്(Jonny Bairstow) സ്ലിപ്പില്‍ ഒറ്റകൈയന്‍ ക്യാച്ചുമായി അമ്പരപ്പിച്ചത്. 

വിന്‍റേജ് ജിമ്മിയുടെ ഒന്നാന്തരമൊരു ഗുഡ്‌ ലെങ്ത് പന്തില്‍ ബാറ്റ് വെച്ച വില്‍ യങ്ങിന് പിഴയ്‌ക്കുകയായിരുന്നു. സ്ലിപ്പില്‍ ക്യാച്ചിനായി രണ്ടുപേര്‍ പറന്നെങ്കിലും സ്വന്തം ടീമിലെ താരത്തെപ്പോലും കാഴ്‌ചക്കാരനാക്കി പന്ത് ബെയര്‍സ്റ്റോ ഇടംകൈയില്‍ കോരിയെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഈ വിസ്‌മയ ക്യാച്ച്. 

Oh Jonny Bairstow! 😱

Match Centre: https://t.co/kwXrUr13uJ

🏴󠁧󠁢󠁥󠁮󠁧󠁿 🇳🇿 | pic.twitter.com/Rq89Opc31D

— England Cricket (@englandcricket)

Latest Videos

വിന്‍റേജ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സും തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ ന്യൂസിലന്‍ഡ് കൂട്ടത്തകര്‍ച്ച നേരിടുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡിന് 12 ഓവറിനിടെ നാല് വിക്കറ്റ് നഷ്‌ടമായി. വില്‍ യങ്ക് രണ്ട് പന്തില്‍ ഒന്നും ടോം ലാഥം 17 പന്തില്‍ 1ഉം ദേവോണ്‍ കോണ്‍വേ ഏഴ് പന്തില്‍ മൂന്നും നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 22 പന്തില്‍ രണ്ടും റണ്‍സെടുത്താണ് പുറത്തായത്. യങ്ങിന് പിന്നാലെ ലാഥമിന്‍റെ വിക്കറ്റും ആന്‍ഡേഴ്‌സണിനായിരുന്നു. കോണ്‍വേയെ ബ്രോഡും വില്യംസണെ പോട്ട്‌സും പുറത്താക്കി. 

24 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 39-6 എന്ന നിലയിലാണ് ന്യൂസിലന്‍ഡ‍്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(16 പന്തില്‍ 3*), കെയ്‌ല്‍ ജാമീസണ്‍(6 പന്തില്‍ 0*) എന്നിവരാണ് ക്രീസില്‍. ഡാരില്‍ മിച്ചല്‍(35 പന്തില്‍ 13), ടോം ബ്ലന്‍ഡല്‍(39 പന്തില്‍ 14) എന്നിവരുടെ വിക്കറ്റ് കൂടിയാണ് കിവികള്‍ക്ക് നഷ്‌ടമായത്. ഇരുവരേയും പോട്ട്‌സാണ് പുറത്താക്കിയത്. ഇതോടെ അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സിന് മൂന്ന് വിക്കറ്റുകളായി. 

ലോര്‍ഡ്‌സില്‍ വിന്‍റേജ് ജിമ്മിയുടെ തേരോട്ടം; ന്യൂസിലന്‍ഡിന് കൂട്ടത്തകര്‍ച്ച, 12 റണ്ണിനിടെ 4 വിക്കറ്റ്

click me!