കിവീസിനോടേറ്റ തോല്‍വി, ഓസീസിന് നാണക്കേടിന്റെ റെക്കോര്‍ഡ്; നേട്ടങ്ങള്‍ സ്വന്തമാക്കി വില്യംസണും സംഘവും

By Web Team  |  First Published Oct 22, 2022, 6:55 PM IST

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ജയിക്കുന്നത്. 2009 ഫെബ്രുവരിയിലായിരുന്നു അവസാന ജയം.


സിഡ്‌നി: ആതിഥേയരായ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞാണ് ന്യൂസിലന്‍ഡ് ടി20 ലോകകപ്പ് ക്യാംപെയ്ന്‍ തുടങ്ങിയത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് അവരുടെ നാട്ടില്‍ തന്നെ തിരിച്ചടി നല്‍കി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസ് ഡെവോണ്‍ കോണ്‍വെയുടെ (92) കരുത്തില്‍ 200 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 17.1 ഓവറില്‍ 111ന് എല്ലാവരും പുറത്തായി. 

ഇതോടെ ചില നേട്ടങ്ങള്‍ കെയ്ന്‍ വില്യംസണും സംഘത്തേയും തേടിയെത്തി. അതില്‍ പ്രധാനം ഓസ്‌ട്രേലിയന്‍ മണ്ണിലുള്ള ജയമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ജയിക്കുന്നത്. 2009 ഫെബ്രുവരിയിലായിരുന്നു അവസാന ജയം. അതേസമയം ഓസീസ് നാണക്കേടിന്റെ റെക്കോര്‍ഡും അക്കൗണ്ടിലാക്കി. സ്വന്തം നാട്ടില്‍ നടക്കുന്ന ടി20യില്‍ അവരുടെ ഏറ്റവും കുറഞ്ഞ സ്‌കോറ് കൂടിയാണിത്. 2010ല്‍ പാകിസ്ഥാനെതിരെ 127 റണ്‍സാണ് പിന്നിലായത്. 

Latest Videos

undefined

ദിനേശ് കാര്‍ത്തിക് അല്ലെങ്കില്‍ റിഷഭ് പന്ത്, ഇവരില്‍ ഒരാള്‍ മാത്രം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

ഐസിസി മുഴുവന്‍ അംഗത്വമുള്ള ടീമുകളുടെ മാത്രം പരിഗണിക്കുമ്പോള്‍ മറ്റൊരു നേട്ടം കൂടി കിവീസ് സ്വന്തമാക്കി. ടി20 ലോകകപ്പില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ജയം കൂടിയാണിത്. 89 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. 2012ല്‍ ശ്രീലങ്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 90 റണ്‍സിന് ജയിച്ചിരുന്നു. 2014ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് 84 റണ്‍സിന് പാകിസ്ഥാനെ തോല്‍പ്പിച്ചത് മൂന്നാമതായി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറെ (5) ബൗള്‍ഡക്കാക്കി ടിം സൗത്തിക്ക തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. പിന്നാലെ ആരോണ്‍ ഫിഞ്ച് (13) മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കി. മിച്ചല്‍ മാര്‍ഷ് (16), മാര്‍കസ് സ്റ്റോയിനിസ് (7) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. 

ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ഓസീസിന് സാധിച്ചില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍ (28) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ടിം ഡേവിഡ് (11), മാത്യു വെയ്ഡ് (2), പാറ്റ് കമ്മിന്‍സ് (21), മിച്ചല്‍ സ്റ്റാര്‍ക്ക് (4), ആഡം സാംപ (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു. മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് രണ്ടും ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

click me!