സഞ്ജു സാംസണ്‍, തിലക് വര്‍മ, ഷാര്‍ദുല്‍ തിളങ്ങി; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് മികച്ച സ്‌കോര്‍

By Web Team  |  First Published Sep 27, 2022, 1:31 PM IST

ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു ഈശ്വരന്‍ (39) - രാഹുല്‍ ത്രിപാഠി (18) സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. എട്ട് ബൗണ്ടറികള്‍ നേടിയ അഭിമന്യൂവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.


ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച സ്‌കോര്‍. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു (54), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), തിലക് വര്‍മ (50) എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ 49.3 ഓവറില്‍ 284 റണ്‍സ് നേടി. ജേക്കബ് ഡഫി, മാത്യു ഫിഷര്‍, മൈക്കല്‍ റിപ്പോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു ഈശ്വരന്‍ (39) - രാഹുല്‍ ത്രിപാഠി (18) സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. എട്ട് ബൗണ്ടറികള്‍ നേടിയ അഭിമന്യൂവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ത്രിപാഠിയും മടങ്ങി. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- തിലക് സഖ്യം 99 റണ്‍സ് കൂട്ടിചേര്‍ത്തു. 

Latest Videos

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര: ഇന്ത്യയെ ധവാന്‍ നയിക്കും, സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റന്‍!

മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്. തിലകിനെ രചിന്‍ രവീന്ദ്ര മടക്കി. തുടര്‍ന്ന് ക്രീസിലെത്തിയ കെ എസ് ഭരതിന് (9) ഒമ്പത് പന്ത് മാത്രമായിരുന്നു. ഭരത് പുറത്താവുമ്പോള്‍ ഇന്ത്യ നാലിന് 175 റണ്‍സ് എന്ന നിലയിലായി. ഇതോടെ സഞ്ജു അല്‍പം പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ അധികനേരം താരത്തിന് ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. 68 പന്തില്‍ 54 റണ്‍സ് നേടിയ സഞ്ജുവിനെ ജേക്കബ് ഡഫി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് സിക്‌സും ഒരു ഫോറുമാണ് മലയാളി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. 

രജന്‍ഗദ് ബാവ (4) പെട്ടന്ന് മടങ്ങിയെങ്കിലും ഋഷി ധവാനെ (34) കൂട്ടുപിടിച്ച് ഷാര്‍ദുല്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ധവാന്‍ മടങ്ങിയതോടെ വാലറ്റം പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങി. രാഹുല്‍ ചാഹര്‍ (1), കുല്‍ദീപ് സെന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കുല്‍ദീപ് യാദവ് (5) പുറത്താവാതെ നിന്നു. ഷാര്‍ദുല്‍ റണ്ണൗട്ടാവുകയായിരുന്നു. 33 പന്തുകള്‍ നേരിട്ട താരത്തിന്റെ അക്കൗണ്ടില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. 

കാര്യങ്ങള്‍ അനായാസമല്ല! ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഭയമുണ്ട്; തുറന്ന് സമ്മതിച്ച് താരം

മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പൃഥ്വി ഷാ, റിതുരാജ് ഗെയ്കവാദ്, രജത് പടിധാര്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ക്ക് വിശ്രമം നല്‍കി. അഭിമന്യൂ ഈശ്വരന്‍, രാഹുല്‍ ത്രിപാഠി, കെ എസ് ഭരത്, കുല്‍ദീപ് സെന്‍ എന്നിവരാണ് ടീമിലെത്തിയത്. 

ഇന്ത്യ എ: അഭിമന്യൂ ഈശ്വരന്‍, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, തിലക് വര്‍മ, കെ എസ് ഭരത്, രജന്‍ഗദ് ബാവ, ഋഷി ധവാന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, രാഹുല്‍ ചാഹര്‍, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്.

ന്യൂസിലന്‍ഡ് എ: ചാഡ് ബൗസ്, ഡെയ്ന്‍ ക്ലിവര്‍, ജേക്കബ് ഡഫി, ജോ വാള്‍ക്കര്‍, ലോഗന്‍ വാന്‍ ബീക്ക്, മാര്‍ക് ചാപ്മാന്‍, മാത്യു ഫിഷര്‍, മൈക്കല്‍ റിപ്പോണ്‍, രചിന്‍ രവീന്ദ്ര, റോബര്‍ട്ട് ഒ ഡണ്ണല്‍, ടോം ബ്രൂസ്.
 

click me!