മുംബൈയെ എറിഞ്ഞ് തീര്‍ത്തു; കേരളത്തിന് 43 റണ്‍സ് ജയം, നിധീഷ് എംഡിക്ക് നാല് വിക്കറ്റ്, സല്‍മാന്‍ നിസാര്‍ ഹീറോ

By Web Team  |  First Published Nov 29, 2024, 2:41 PM IST

മുംബൈക്കെതിരെ കേരള പേസര്‍ നിധീഷ് എംഡിക്ക് നാല് വിക്കറ്റ്, രണ്ട് വീതം വിക്കറ്റുമായി വിനോദ് കുമാര്‍ സി വിയും അബ്‌ദുള്‍ ബാസിത് പി എയുടെ തിളങ്ങി 


ഹൈദരാബാദ്: മുഷ്‌താഖ് അലി ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ മുംബൈയെ മലര്‍ത്തിയടിച്ച് കേരളം. 43 റണ്‍സിനാണ് കേരളത്തിന്‍റെ ആവേശ ജയം. കേരളം വച്ചുനീട്ടിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റിന് 191 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തില്‍ 68 റണ്‍സെടുത്ത മുംബൈ വെറ്ററന്‍ അജിങ്ക്യ രഹാനെയുടെ പോരാട്ടം പാഴായി. കേരളത്തിനായി പേസര്‍ നിധിഷ് എം ഡി 30 റണ്‍സിന് 4 വിക്കറ്റ് നേടി. ബാറ്റിംഗില്‍ പുറത്താവാതെ 99* റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് മത്സരത്തിലെ താരം. സ്കോര്‍: കേരളം: 234/5 (20), മുംബൈ: 191/9 (20). 

കേരളം വച്ചുനീട്ടിയ 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മിന്നല്‍ തുടക്കമാണ് മുംബൈ നേടിയത്. ഓപ്പണര്‍ പൃഥ്വി ഷാ തുടക്കത്തിലെ കേരള ബൗളര്‍മാരെ കടന്നാക്രമിച്ചു. എന്നാല്‍ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷായെ (13 പന്തില്‍ 23) മടക്കി നിധിഷ് എംഡി ബ്രേക്ക്‌ത്രൂ നേടി. ഫോമിലുള്ള നായകന്‍ ശ്രേയസ് അയ്യര്‍ വന്നപാടെ അടി തുടങ്ങിയെങ്കിലും ഇതിനിടെ ആറാം ഓവറില്‍ മറ്റൊരു ഓപ്പണര്‍ ആന്‍ങ്ക്രിഷ് രഘുവന്‍ഷിയെ (15 പന്തില്‍ 16) പറഞ്ഞയച്ച് നിധീഷ് അടുത്ത പ്രഹരമേല്‍പിച്ചു. 10-ാം ഓവറില്‍ മുംബൈ 100 തികച്ചതും ശ്രേയസിനെ (18 പന്തില്‍ 32) പുറത്താക്കി അബ്‌ദുള്‍ ബാസിത് പി എ കേരളത്തിന് പ്രതീക്ഷ നല്‍കി. തന്‍റെ അടുത്ത ഓവറില്‍ ഷാംസ് മലാനിയെയും (4 പന്തില്‍ 5) ബാസിത് മടക്കി. 

Latest Videos

undefined

എന്നാല്‍ ഒരുവശത്ത് തകര്‍ത്തടിച്ച മുംബൈ വെറ്ററന്‍ അജിങ്ക്യ രഹാനെ കേരളത്തിന് ഭീഷണിയായി. ബേസില്‍ എന്‍ പി 15-ാം ഓവറില്‍ സുര്യാന്‍ഷ് ഷെഹ്‌ഡെയെ (8 പന്തില്‍ 9)പറഞ്ഞച്ചതോടെ വീണ്ടും കേരളം ട്രാക്കിലായി. 18-ാം ഓവറില്‍ രഹാനെയുടെ (35 പന്തില്‍ 68) ഭീഷണി വിനോദ് കുമാര്‍ സി വി അവസാനിപ്പിച്ചു. നിധീഷിന്‍റെ തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ സിക്‌സിന് ശ്രമിച്ച ഷര്‍ദ്ദുല്‍ താക്കൂറിനെ (4 പന്തില്‍ 3) ബാസിത് പറക്കും ക്യാച്ചില്‍ മടക്കി. ഹര്‍ദിക് താമോറിന്‍റെ (13 പന്തില്‍ 23) വീറും അവസാനിപ്പിച്ച് നിധിഷ് എം ഡി നാല് വിക്കറ്റ് തികയ്ക്കുകയും ചെയ്തു. ഇന്നിംഗ്സിലെ 20-ാം ഓവറില്‍ മോഹിത് ആവസ്ത്തിയെ (2 പന്തില്‍ 1) പുറത്താക്കി വിനോദ് കുമാര്‍ സി വി കേരള ജയം ആവേശമാക്കി.   

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം സല്‍മാന്‍ നിസാര്‍ (49 പന്തില്‍ 99*), രോഹന്‍ എസ് കുന്നുമ്മല്‍ (48 പന്തില്‍ 87) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 234 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. സല്‍മാന്‍ 5 ഫോറും 8 സിക്‌സറും രോഹന്‍ 5 ഫോറും 7 സിക്‌സും പറത്തി. രോഹന്‍- സല്‍മാന്‍ സഖ്യം മൂന്നാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (4 പന്തില്‍ 4) തിളങ്ങിയില്ല. മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (8 പന്തില്‍ 13), സച്ചിന്‍ ബേബി (4 പന്തില്‍ 7- റിട്ടയ്ഡ് ഹര്‍ട്ട്), വിഷ്‌ണു വിനോദ് (2 പന്തില്‍ 6), അബ്ദുള്‍ ബാസിത് പി എ (1 പന്തില്‍ 0), അജ്നാസ് എം (5 പന്തില്‍ 7) എന്നിങ്ങനെയായിരുന്നു മറ്റ് കേരള ബാറ്റര്‍മാരുടെ സ്കോര്‍. 

Read more: സല്‍മാന്‍ 99*, രോഹന്‍ 87! മുംബൈയെ അടിച്ചുമെതിച്ച് കേരളത്തിന് 234 റണ്‍സ്; സഞ്ജു സാംസണ്‍ നിര്‍ഭാഗ്യന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!