രോഹിത്തിനെ മാറ്റാനുണ്ടായ സാഹചര്യത്തോട് പ്രതികരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഹെഡ് കോച്ച് മാര്‍ക്ക് ബൗച്ചര്‍. നേതൃമാറ്റത്തെ കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് ബൗച്ചര്‍ പറയുന്നത്.
മുംബൈ: വരാനിരിക്കുന്ന ഐപിഎല്ലിന് തൊട്ടുമുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡിംഗിലൂടെ മുംബൈലെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കുകയായിരുന്നു. ഇതോടെ ആരാധകര്‍ എതിര്‍പ്പ് പ്രകടമാക്കി. പലരും മുംബൈ ഇന്ത്യന്‍സിനെ പിന്തുണക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പിന്തുണ പിന്‍വലിച്ചു. സഹതാരങ്ങള്‍ക്ക് പോലും എതിര്‍പ്പുണ്ടെന്നുള്ളത് വ്യക്തമായിരുന്നു. സൂര്യകുമാര്‍ യാദവ്, ജസ്പ്രിത് ബുമ്ര തുടങ്ങിയവര്‍ പരസ്യമായി ഇത് പ്രകടമാക്കുകയും ചെയ്തു.
ഇപ്പോള്‍ രോഹിത്തിനെ മാറ്റാനുണ്ടായ സാഹചര്യത്തോട് പ്രതികരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഹെഡ് കോച്ച് മാര്‍ക്ക് ബൗച്ചര്‍. നേതൃമാറ്റത്തെ കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് ബൗച്ചര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇതൊരു പരിവര്‍ത്തന ഘട്ടമായിട്ട് മാത്രമാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ചില ടീമംഗങ്ങളുമായും ഫ്രാഞ്ചൈസി നേതൃത്വവുമായും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഇത് ക്രിക്കറ്റാണ്, മുബൈ ഇന്ത്യന്‍സ് കുതിപ്പ് തുടരണം. മുംബൈക്ക് വേണ്ടി വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. അദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. എന്നാല്‍ പുതിയ ക്യാപ്റ്റനുമായി മുന്നോട്ട് പോകേണ്ടതുണ്ട്. മാറ്റത്തില്‍ ഇത്രത്തോളം വൈകാരികമാവേണ്ടതില്ല.'' ബൗച്ചര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ കുറിച്ചും ബൗച്ചര്‍ പറഞ്ഞു. ''ക്യാപ്റ്റന്‍സി മാറ്റം മികച്ച രീതിയില്‍ ഞങ്ങള്‍ കൈകാര്യം ചെയ്തുവെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളെയൊന്നും ഞാന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. അതെല്ലാം പുറത്തുള്ള കാര്യങ്ങളാണ്. അതിനെ കുറിച്ച ഞാനൊന്നും പറയുന്നില്ല. എല്ലാവരുടെയും വികാരങ്ങള്‍ ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ ഇത് മാറ്റത്തിന്റെ സമയമാണ്. മുന്നോട്ട് പോകാനുള്ള തീരുമാനം ഞങ്ങളെടുത്തതാണ്.'' ബൗച്ചര്‍ കൂട്ടിചേര്‍ത്തു.