ഗ്യാരി കേസ്റ്റണ് കീഴിൽ ഇന്ത്യൻ ടീമിന്‍റെ മെന്‍റൽ കണ്ടീഷനിംഗ് കോച്ചായിരുന്ന പാഡി അപ്റ്റണാണ് വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യൻ ടീമിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഐസിസിയുടെ ഏകദിന ലോകകപ്പും ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയ ഏക ക്യാപ്റ്റനാണ് ധോണി. 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയെ നയിച്ചുകൊണ്ടാണ് ധോണിയുടെ ക്യാപ്റ്റൻസി കരിയര്‍ ആരംഭിക്കുന്നത്. 2008ൽ അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായി ടെസ്റ്റ് ടീമിന്‍റെ തലപ്പത്തും ധോണിയെത്തി. 2009ൽ ആദ്യമായി ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തി.
ടീം അംഗങ്ങളെല്ലാം കൃത്യസമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നായകനായതിന് പിന്നാലെ ധോണി ആദ്യം ചെയ്തത്. ടീം മീറ്റിംഗുകളിലും പരിശീലന സെഷനുകളിലും ടീം അംഗങ്ങൾ കൃത്യസമയത്ത് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ധോണി പ്രയോഗിച്ച തന്ത്രം ഇന്ത്യൻ ടീമിന്‍റെ മുൻ മെന്‍റൽ കണ്ടീഷനിംഗ് കോച്ചായിരുന്ന പാഡി അപ്റ്റൺ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഗ്യാരി കേസ്റ്റൺ ഇന്ത്യൻ ടീമിന്‍റെ പരിശീലകനായിരുന്ന സമയത്താണ് പാഡി അപ്റ്റൺ ഇന്ത്യയുടെ മെന്‍റൽ കണ്ടീഷനിംഗ് കോച്ചായത്.
'ഞാൻ ടീമിനൊപ്പം ചേരുന്ന സമയത്ത് അനിൽ കുംബ്ലെയായിരുന്നു ടെസ്റ്റ് ടീമിനെ നയിച്ചിരുന്നത്. ധോണിയായിരുന്നു ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ. ഒരു ദിവസം മുഴുവൻ ടീം അംഗങ്ങളെയും വിളിച്ചുകൂട്ടിയ ശേഷം പരിശീലനത്തിനും ടീം മീറ്റിംഗുകൾക്കും കൃത്യസമയം പാലിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്നായിരുന്നു എല്ലാവരുടെയും ഉത്തരം. ആരെങ്കിലും വൈകി വന്നാൽ എന്ത് ചെയ്യണമെന്നായിരുന്നു അടുത്ത ചോദ്യം. ചര്‍ച്ചകൾക്ക് ശേഷം തീരുമാനം ക്യാപ്റ്റന് വിട്ടു'. പാഡി അപ്റ്റൺ പറഞ്ഞു.
വൈകിയെത്തുന്ന താരത്തിന് 10,000 രൂപ പിഴ ചുമത്താം എന്നാണ് ടെസ്റ്റ് ടീമിന്‍റെ നായകനായിരുന്ന അനിൽ കുംബ്ലെ മുന്നോട്ട് വെച്ച നിര്‍ദ്ദേശം. എന്നാൽ, ധോണിയുടെ നിര്‍ദ്ദേശം മറ്റൊന്നായിരുന്നു. വൈകിയെത്തുന്നവര്‍ നിര്‍ബന്ധമായും പരിണിതഫലം അനുഭവിക്കണമെന്ന് ധോണി വ്യക്തമാക്കി. എന്നാൽ, വൈകിയെത്തുന്ന താരം മാത്രം പിഴ അടച്ചാൽ പോരെന്നും ഒരാൾ വൈകിയാൽ ടീമിലെ ഓരോ അംഗങ്ങളും 10,000 രൂപ വീതം പിഴയടയ്ക്കണമെന്നുമായിരുന്നു ധോണി പറഞ്ഞതെന്നും ഇതിന് ശേഷം ഏകദിന ടീമിലെ ആരും വൈകി വന്നിട്ടില്ലെന്നും പാഡി അപ്റ്റൺ കൂട്ടിച്ചേര്‍ത്തു.
READ MORE: ഇന്ത്യ വേറെ ലെവൽ; പാകിസ്ഥാന്‍ ക്രിക്കറ്റിന് നേരെ നിൽക്കാൻ പോലും പറ്റുന്നില്ലെന്ന് മുൻ പാക് താരങ്ങൾ