ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഓപ്പണര്‍മാരെ അടുത്തടുത്ത ഓവറുകള്‍ക്കിടെ ഹരിയായ്ക്ക് നഷ്ടമായി.
അഹമ്മദാബാദ്: ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്ന വാര്‍ത്തകള്‍ക്കിടെ വിജയ് ഹസാരെ ട്രോഫിയില്‍ മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി. ഹരിയാനക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലാണ് ഷമി നിര്‍ണായക പ്രകടനം പുറത്തെടുത്തത്. ഷമിയെ കൂടാതെ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹരിയാനയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുക്കാനാണ് സാധിച്ചത്. നിശാന്ത് സിന്ധു (64), പാര്‍ത്ഥ് വാത്സ് (62) മികച്ച പ്രകടനം പുറത്തെടുത്തു. സുമിത് കുമാറിന്റെ (32 പന്തില്‍ പുറത്താവാതെ 41) ഇന്നിംഗ്‌സാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.
ഭേദപ്പെട്ട തുടക്കത്തിന് ശേഷം ഓപ്പണര്‍മാരെ അടുത്തടുത്ത ഓവറുകള്‍ക്കിടെ ഹരിയായ്ക്ക് നഷ്ടമായി. അര്‍ഷ് രംഗയെ (23) മുകേഷ് കുമാറും ഹിമാന്‍ഷു റാണെ (14) ഷമിയും തിരിച്ചയച്ചു. ഇതോടെ രണ്ടിന് 48 എന്ന നിലയിലായി ഹരിയാന. പിന്നാലെ അങ്കിത് കുമാര്‍ (18) - പാര്‍ത്ഥ് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. കൗഷിക് മെയ്തിയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. തുടര്‍ന്ന് പാര്‍ത്ഥ് - നിശാന്ത് സഖ്യം 84 റണ്‍സും കൂട്ടിചേര്‍ത്തു. 32-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പാര്‍ത്ഥിനെ കരണ്‍ ലാല്‍ ബൗള്‍ഡാക്കി. 77 പന്തുകള്‍ നേരിട്ട താരം ആറ് ഫോറുകള്‍ കണ്ടെത്തി.
'ഇങ്ങനെ നടന്നാല്‍ ശരിയാവില്ല'; കോലി-രോഹിത് സഖ്യത്തിന്റെ കാര്യത്തില്‍ ഗംഭീറിനോട് യോജിച്ച് ശാസ്ത്രി
ശേഷം രാഹുല്‍ തെവാട്ടിയക്കൊപ്പം (29) 38 റണ്‍സ് കൂട്ടിചേര്‍ത്ത് നിശാന്തും മടങ്ങി. 67 പന്തുകള്‍ നേരിട്ട നിശാന്ത് ഒരു സിക്‌സും ആറ് ഫോറും നേടി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഹരിനായയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. തെവാട്ടിയ ആദ്യം മടങ്ങി. ദിനേശ് ബന (15), അന്‍ഷൂല്‍ കാംബോജ് (4), അമിത് റാണ (5) എന്നിവര്‍ പെട്ടന്ന് മടങ്ങി. ഇതിനിടെ സുമിത് പുറത്തെടുത്ത പ്രകടനമാണ് ഹരിയാനയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അമന്‍ കുമാര്‍ (1) പുറത്താവാത നിന്നു.