ഫിറ്റ്‌നെസ് വീണ്ടെടുത്ത മുഹമ്മദ് ഷമിയും ടീമിലെ സ്ഥാനത്തിന് അവകാശവാദമുന്നയിക്കും.
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കുന്നേ ഒള്ളൂ. ഈ മാസം 12ന് മുമ്പ് ടീം പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിനിടെ രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നു. ഒരു വേളയില്‍ രോഹിത്തിനെ ഒഴിവാക്കുമെന്നും പകരം ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്നും സംസാരമുണ്ടായി. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിച്ച സീനിയര്‍ താരങ്ങളെല്ലാം ടീമീനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്. വിരാട് കോലി, റിഷഭ് പന്ത് എന്നിവരെല്ലാം ടീമിനൊപ്പം തുടരും. പരിക്കേറ്റ ജസ്പ്രിത് ബുമ്രയുടെ കാര്യത്തില്‍ ആശങ്കകളുണ്ട്. പരിശോധനയ്ക്ക് ശേഷം ബുമ്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.
ഫിറ്റ്‌നെസ് വീണ്ടെടുത്ത മുഹമ്മദ് ഷമിയും ടീമിലെ സ്ഥാനത്തിന് അവകാശവാദമുന്നയിക്കും. അതിന് മുന്നോടിയായി വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനും ഷമിക്കായി. ഇന്ന് മധ്യ പ്രദേശിനെതിരായ മത്സരത്തില്‍ ബാറ്റുകൊണ്ടാണ് ഷമി തിളങ്ങിയത്. വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ വെറും 34 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടി. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഷമിയുടെ ഇന്നിംഗ്‌സ്. ഷമിക്ക് പുറമെ സുദീപ് ഗരാമി (99), സുദീപ് ചാറ്റര്‍ജി (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂവരുടേയും കരുത്തില്‍ ബംഗാള്‍ 50 ഓവറില്‍ 269 റണ്‍സിന്റെ മാന്യമായ സ്‌കോറാണ് നേടിയത്. ഒമ്പതാം വിക്കറ്റില്‍ കൗശിക് മെയ്തിക്കൊപ്പം 64 റണ്‍സാണ് ഷമി കൂട്ടിചേര്‍ത്തത്.
'ആഭ്യന്തരം കളിക്കൂ, അല്ലാതെ..'; ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഗംഭീര്‍
എങ്കിലും മത്സരത്തില്‍ ബംഗാള്‍ തോല്‍വി നേരിട്ടു. ആറ് വിക്കറ്റിനായിരുന്നു മധ്യ പ്രദേശിന്റെ ജയം. 46.2 ഓവറില്‍ ടീം ലക്ഷ്യം മറികടന്നു. പുറത്താവാതെ 132 റണ്‍സ് രജത് പടിധാറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ശുഭം ശ്യാം സുന്ദര്‍ ശര്‍മ 99 റണ്‍സെടുത്ത് പുറത്തായി. ഒരു ഘട്ടത്തില്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു മധ്യ പ്രദേശിന്. പിന്നീട് ശുഭം - രജത് സഖ്യം 185 റണ്‍സ് കൂട്ടിചേര്‍ത്തു. ശുഭം മടങ്ങിയെങ്കിലും ശുഭ്രാന്‍ഷു സേനാപതി (25), വെങ്കടേഷ് അയ്യര്‍ (പുറത്താവാതെ 4) കൂട്ടുപിടിച്ച് രജത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഷമി എട്ട് ഓവര്‍ എറിഞ്ഞു. 40 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റും നേടി.
ഏകദിന ലോകകപ്പ് ഫൈനലിനിടെ ഉണ്ടായ പരിക്കിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി ഷമി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ ബംഗാളിന് വേണ്ടി കളിച്ചു. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ അജിത് അഗാര്‍ക്കറും മറ്റ് സെലക്ഷന്‍ കമ്മിറ്റിയും ഇരിക്കുമ്പോള്‍ ഷമിയുടെ പ്രകടനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല.