മിഡിൽ സ്റ്റംപ് വായുവിൽ പറത്തി മുഹമ്മദ് ഷമിയുടെ പരിശീലനം, ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് ആശ്വാസവാർത്ത

By Web Desk  |  First Published Jan 7, 2025, 6:17 PM IST

2023ലെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ഷമി പിന്നീട് കാല്‍ക്കുഴയിലേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.


കൊല്‍ക്കത്ത: പരിക്കുമൂലം ഒരു വര്‍ഷത്തിലധികമായി ഇന്ത്യൻ ടീമിന് പുറത്തുള്ള പേസര്‍ മുഹമ്മദ് ഷമി വീണ്ടും കഠിന പരിശീലനം പുനരാരംഭിച്ചു. നെറ്റ്സില്‍ പഴയ വേഗത്തിലും താളത്തിലും പന്തെറിയുന്ന മുഹമ്മദ് ഷമിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. നെറ്റ്സില്‍ പരിശീലനത്തിനിടെ ഒരു പന്ത് മിഡില്‍ സ്റ്റംപിളക്കുന്നതും വീഡിയോയില്‍ കാണാം.

പരിക്കിന്‍റെ യാതൊരു ലക്ഷണങ്ങളുമില്ലാതെയാണ് ഷമി പരിശീലനം നടത്തുന്നത്. ഈ മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കഠിന പരിശീലനം നടത്തുന്ന വീഡിയോ ഷമി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

Latest Videos

കോലി ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു, അത് ടീം അംഗങ്ങളെ സമ്മർദ്ദത്തിലാക്കി; തുറന്നടിച്ച് സുനിൽ ഗവാസ്കർ

2023ലെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ഷമി പിന്നീട് കാല്‍ക്കുഴയിലേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്ന ഷമി പരീശിലനം പുനരാരംഭിക്കുകയും മുഷ്താഖ് അലിയിലും രഞ്ജി ട്രോഫിയിലും ബംഗാളിനായി കളിക്കുകയും ചെയ്തെങ്കിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് ഷമിയെ പരിഗണിച്ചില്ല. ഓസ്ട്രേലിയക്കെകിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം ഷമിയെ ടീമിലെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാല്‍മുട്ടില്‍ വീണ്ടും വേദന അനുഭവപ്പെട്ടതിനാലാണ് ടീമിലുള്‍പ്പെടുത്താത് എന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിശദീകരണം.

Precision, Pace, and Passion, All Set to Take on the World! 🌍💪 pic.twitter.com/gIEfJidChX

— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11)

എന്നാല്‍ ഈ സമയത്തും ഷമി സയ്യിദ് മുഷ്താഖ് അലിയില്‍ ബംഗാളിനായി കളിച്ചിരുന്നു. ഷമിയുടെ അഭാവം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 32 വിക്കറ്റുമായി ഇന്ത്യക്കായി ഒറ്റയാള്‍ പോരാട്ടം നടത്തിയത് ജസ്പ്രീത് ബുമ്രയായിരുന്നു. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ ബുമ്രക്ക് പരിക്കേറ്റതോടെ ഇംഗ്ലണ്ടിനെതിരായ ടി20-ഏകദിന പരമ്പരകളില്‍ ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ടീമിലുള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 22നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!