അതേസമയം, ആകാശ് ദീപിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാംപ്യന്‍സ് ട്രോഫിയും നഷ്ടമാവും.
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍േ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തും. അതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയിലും ഷമി കളിക്കും. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം പുറത്തായ വെറ്ററന്‍ പേസര്‍, അടുത്തിടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ലോകകപ്പിന് ശേഷം കാലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിയെ എന്‍സിഎ മെഡിക്കല്‍ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.
അതേസമയം, ആകാശ് ദീപിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാംപ്യന്‍സ് ട്രോഫിയും നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് കളിച്ചിരുന്നില്ല. ഒരു മാസമെങ്കിലും അദ്ദേഹം പുറത്തിരിക്കുമെന്നാണ് അറിയുന്നത്. ആകാശ് ദീപിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിക്കും. ജസ്പ്രിത് ബുമ്രയും ഇന്ന് എന്‍സിഎയിലെത്തും. ആകാശ് ദീപ് തന്റെ വൈറ്റ്-ബോള്‍ അരങ്ങേറ്റം ഇതുവരെ നടത്തിയിട്ടില്ല. എങ്കിലും ടെസ്റ്റ് ടീമിലെ അദ്ദേഹത്തിന്റെ പ്രകടനം കണക്കിലെടുത്ത് നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാനായിരുന്നു പദ്ധതി. പ്രത്യേകിച്ച് ജസ്പ്രിത് ബുമ്രയുടെയും മുഹമ്മദ് സിറാജിന്റെയും അഭാവത്തില്‍.
ബുമ്ര ചാംപ്യന്‍സ് ട്രോഫി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം. എന്‍സിഎ മാനേജര്‍മാരുടെ റിപ്പോര്‍ട്ടിനായി സെലക്ടര്‍മാര്‍ കാത്തിരിക്കുന്നതിനാല്‍ ബുമ്രയുടെ കാര്യം അനിശ്ചിതത്വത്തിലാണ്. സിറാജ് ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ കളിക്കും. രണ്ട് പേസര്‍മാരും പരമ്പരയില്‍ 150 ഓവര്‍ വീതം പന്തെറിഞ്ഞു. ചാംപ്യന്‍സ് ട്രോഫിക്ക് ഫിറ്റ്‌നെസ് തെളിയിച്ച് തിരിച്ചെത്താന്‍ വേണ്ടിയാണ് ഇരുവര്‍ക്കും വിശ്രമം അനുവദിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ ബുമ്രയ്ക്ക് പുറംവേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് താരം രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിഞ്ഞിരുന്നില്ല. സിറാജും സിഡ്‌നി ടെസ്റ്റ് പൂര്‍ത്തിയാക്കാനാവാതെ ഗ്രൗണ്ട് വിട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമുകളെയും ചാംപ്യന്‍സ് ട്രോഫിക്കുള്ള താല്‍ക്കാലിക ടീമിനെയും തിരഞ്ഞെടുക്കുന്നതിന് ബിസിസിഐ ജനുവരി 12ന് യോഗം ചേരും. ജനുവരി 22 മുതല്‍ ഫെബ്രുവരി 12 വരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നത്.