ഇതൊരു സൂചന മാത്രം! ഷമിക്ക് 4 റണ്ണിന് മൂന്ന് വിക്കറ്റ്; ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ

By Jomit Jose  |  First Published Oct 17, 2022, 1:04 PM IST

187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആരോണ്‍ ഫിഞ്ചിന്‍റെ അര്‍ധ സെ‍ഞ്ചുറിക്കിടയിലും 20 ഓവറില്‍ 180ല്‍ ഓള്‍ഔട്ടായി


ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ മുഹമ്മദ് ഷമിയുടെ വിസ്‌മയ അവസാന ഓവറില്‍ ഓസ്ട്രേലിയക്കെതിരായ വാംഅപ് മത്സരത്തില്‍ ഇന്ത്യക്ക് ത്രില്ലര്‍ ജയം. ഓസ്ട്രേലിയക്കെതിരായ ആദ്യ സന്നാഹമത്സരത്തില്‍ ഇന്ത്യ 6 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആരോണ്‍ ഫിഞ്ചിന്‍റെ അര്‍ധ സെ‍ഞ്ചുറിക്കിടയിലും 20-ാം ഓവറിലെ അവസാന പന്തില്‍ 180ല്‍ ഓള്‍ഔട്ടായി. മത്സരത്തില്‍ ഒരോവര്‍ എറിഞ്ഞ ഷമി 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഇതുകൂടാതെ ഷമിയുടെ അവസാന ഓവറില്‍ ഒരു റണ്ണൗട്ടുമുണ്ടായിരുന്നു. 

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് നായകന്‍ ആരോണ്‍ ഫിഞ്ചും മിച്ചല്‍ മാര്‍ഷും ഓസീസിന് നല്‍കിയത്. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മാര്‍ഷ് 18 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 35 റണ്‍സെടുത്തു. പവര്‍പ്ലേയിലെ നാലാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കുകയായിരുന്നു. 11-ാം ഓവറിലെ നാലാം പന്തില്‍ സ്റ്റീവ് സ്‌മിത്തിനെ(12 പന്തില്‍ 11) ചാഹല്‍ ബൗള്‍ഡാക്കി. ഫോമിലേക്ക് മടങ്ങിയെത്തിയ ഫിഞ്ച് 40 പന്തില്‍ ഫിഫ്റ്റി തികച്ചതോടെ ഓസീസ് ട്രാക്കിലായി. 

Latest Videos

16-ാം ഓവറിലെ മൂന്നാം പന്തില്‍ മാക്‌സ്‌വെല്ലിനെ(16 പന്തില്‍ 23) ഭുവി വിക്കറ്റിന് പിന്നില്‍ ഡികെയുടെ കൈകളിലെത്തിച്ചത് വഴിത്തിരിവായി. 18-ാം ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ(7 പന്തില്‍ 7) അര്‍ഷ്‌ദീപ് പറഞ്ഞയച്ചു. 19-ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍, ഫിഞ്ചിനെ(54 പന്തില്‍ 79) മടക്കി. പിന്നാലെ ടിം ഡേവിഡിനെ(2 പന്തില്‍ 5) കോലി റണ്ണൗട്ടാക്കി. അവസാന ഓവറില്‍ 11 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷമിയുടെ മൂന്നാം പന്തില്‍ കോലി വിസ്‌മയ ക്യാച്ചില്‍ കമ്മിന്‍സിനെ(6 പന്തില്‍ 7) പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ആഷ്‌ടണ്‍ ടര്‍ണര്‍ റണ്ണൗട്ടായി. അടുത്ത പന്തില്‍ ഇംഗ്ലിസ് ബൗള്‍ഡായി. അവസാന പന്തില്‍ കെയ്‌ന്‍ റിച്ചാഡ്‌സണും ബൗള്‍ഡായതോടെ ഇന്ത്യ വിജയിച്ചു. 

ഗാബയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണിന്‍റെ നാല് വിക്കറ്റ് പ്രകടനത്തിനിടയിലും 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സെടുത്തു. മിന്നും ഫോം തുടര്‍ന്ന് അര്‍ധസെഞ്ചുറി കണ്ടെത്തിയ കെ എല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റേയും കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലെത്തിയത്. ഓപ്പണറായ രാഹുല്‍ 33 പന്തില്‍ 57 ഉം നാലാം നമ്പറിലെത്തിയ സൂര്യ 33 പന്തില്‍ 50 ഉം റണ്‍സെടുത്ത് പുറത്തായി. നായകന്‍ രോഹിത് ശര്‍മ്മ 15 റണ്‍സിലും വിരാട് കോലിയും 19ലും ഹാര്‍ദിക് പാണ്ഡ്യ രണ്ടിലും ദിനേശ് കാര്‍ത്തിക് 20ലും ആര്‍ അശ്വിന്‍ ആറിലും മടങ്ങി. 6* റണ്‍സുമായി അക്‌സര്‍ പട്ടേല്‍ പുറത്താകാതെനിന്നു. 

ഓസീസിനായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സണിന്‍റെ നാല് വിക്കറ്റിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലും ആഷ്‌ടണ്‍ അഗറും ഓരോരുത്തരെ പുറത്താക്കി. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് റിച്ചാര്‍ഡ്‌സണിന്‍റെ നാല് വിക്കറ്റ് നേട്ടം. 

ധോണി സ്റ്റൈലില്‍ കെ എല്‍ രാഹുലിന്‍റെ ഹെലികോപ്റ്റര്‍ ഷോട്ട്, പിന്നാലെ കമ്മിന്‍സിന്‍റെ മരണ ബൗണ്‍സര്‍- വീഡിയോ
 

click me!