മുഹമ്മദ് ഷമി ഈ ആഴ്‌ച തന്നെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് പരീക്ഷയ്ക്ക് വിധേയമാകും
ബെംഗളൂരു: ടി20 ലോകകപ്പിന് മുമ്പ് തലപുകഞ്ഞ് ആലോചിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റ്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പുറമെ, പേസര്‍ ജസ്പ്രീത് ബുമ്രയും പരിക്കേറ്റ് പുറത്തായതാണ് ടീമിനെ അലട്ടുന്നത്. ബുമ്രയുടെ അസാന്നിധ്യം ലോകകപ്പില്‍ കനത്ത തിരിച്ചടിയാവും ടീമിനെന്ന് നല്‍കുകയെന്ന് വ്യക്തം. ആരാവണം ബുമ്രക്ക് പകരക്കാരന്‍ എന്ന ചോദ്യം സജീവമാണ്. പറഞ്ഞുകേള്‍ക്കുന്ന പേരുകളിലൊന്ന് മുഹമ്മദ് ഷമിയുടേതാണ്. ഷമിക്ക് പ്രതീക്ഷ നല്‍കുന്ന ഒരു നടപടി ബിസിസിഐ സ്വീകരിച്ചിട്ടുമുണ്ട്.
മുഹമ്മദ് ഷമി ഈ ആഴ്‌ച തന്നെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്‌നസ് പരീക്ഷയ്ക്ക് വിധേയമാകും. ഒക്ടോബര്‍ ആറിന് ടീം ഇന്ത്യക്കൊപ്പം ലോകകപ്പിന് തിരിക്കും ഷമി എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എങ്കിലും താരം എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. കൊവിഡ് നെഗറ്റീവായതിന് ശേഷം നിലവില്‍ അലിഗഢില്‍ വിശ്രമത്തിലാണ് ഷമി.
ഷമി കൊവിഡില്‍ നിന്ന് മുക്തനായിട്ടുണ്ട്. ലളിതമായി പരിശീലനം തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ പൂര്‍ണ ഫിറ്റാകാന്‍ സമയമെടുക്കും. താരം ഈ ആഴ്‌ച എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യും. അവിടുത്തെ മെഡിക്കല്‍ സംഘത്തിന്‍റെ ക്ലിയറന്‍സ് കിട്ടിയാല്‍ മാത്രമേ അദ്ദേഹത്തിന് സ്ക്വാഡിനൊപ്പം ചേരാന്‍ കഴിയൂ എന്നും ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ്‌സ്പോര്‍ടിനോട് പറഞ്ഞു.
സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുള്ള മുഹമ്മദ് ഷമിയും ദീപക് ചാഹറും തമ്മിലാണ് ബുമ്രയുടെ പകരക്കാരനാവാന്‍ ശക്തമായ മത്സരം. പേസര്‍ മുഹമ്മദ് സിറാജും പരിഗണനയിലുണ്ട്. ബുമ്രയുടെ അഭാവം ഡെത്ത് ഓവറിലാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയാവുക. സ്ലോഗ് ഓവറുകളില്‍ തല്ലുവാങ്ങി വലയുകയാണ് നിലവിലെ ബൗളിംഗ് നിര. പകരക്കാനാവാന്‍ പരിഗണിക്കപ്പെടുന്ന ഷമിയാവട്ടെ 2022 ഐപിഎല്ലിന് ശേഷം ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടുമില്ല.
ബുമ്രക്ക് പകരം ലോകകപ്പില്‍ ആര് വരണം; ഷമിയെയും ചാഹറിനേയും തള്ളി വാട്‌സണ്‍