ടീമിലേക്ക് തിരിച്ചുവിളിച്ചതോടെ 2019ലെ ആഷസിന് ശേഷം നാട്ടില്‍ ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് താരത്തിനൊരുങ്ങുന്നത്
ലണ്ടന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. അലി ഇംഗ്ലണ്ട് ടീമിനൊപ്പം ഇന്ന് ചേരുമെന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ലോര്‍ഡ്‌സില്‍ വ്യാഴാഴ്‌ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. നായകന്‍ ജോ റൂട്ടിനെ മാറ്റനിര്‍ത്തിയാല്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര പ്രതീക്ഷിച്ച മികവിലേക്കുയരാത്ത സാഹചര്യത്തിലാണ് താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്.
മൊയീന്‍ അലിയെ ടീമിലുള്‍പ്പെടുത്തുന്നത് പരിഗണിക്കുന്നതായി ഇംഗ്ലണ്ട് മുഖ്യ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'അലി തീർച്ചയായും പരിഗണനയിലാണ്. ടീമിലേക്ക് എപ്പോഴും പരിഗണിക്കപ്പെടുന്ന താരമാണ് അലി. അദേഹം മികച്ച താരമാണെന്നും വ്യത്യസ്ത ഫോര്‍മാറ്റെങ്കിലും ദ് ഹണ്ട്രഡില്‍ ഫോം പ്രകടിപ്പിക്കുന്നതും നമുക്കറിയാവുന്നതാണ്' എന്നുമായിരുന്നു സില്‍വര്‍വുഡിന്‍റെ പ്രതികരണം. റൂട്ടിന്‍റെ സമ്മര്‍ദം കുറയ്‌ക്കാന്‍ മറ്റ് ബാറ്റ്സ്‌മാന്‍മാര്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തണമെന്നും ഇംഗ്ലണ്ട് പരിശീലകന്‍ പറഞ്ഞു.
ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെയും ക്രിസ് വോക്‌സിന്‍റെയും വിടവ് നികത്താനും അലിയെ തിരിച്ചുവിളിച്ചതോടെ ഇംഗ്ലണ്ട് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ 23 മാസത്തിനിടെ ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് അലി കളിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ചെന്നൈയിലായിരുന്നു അവസാന ടെസ്റ്റ്. എന്നാല്‍ വൈറ്റ് ബോളില്‍ താരം മികച്ച ഫോമിലാണ്. ദ് ഹണ്ട്രഡില്‍ ബിര്‍മിംഗ്‌ഹാമിനായി കഴിഞ്ഞ ദിവസം 23 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ടീമിലേക്ക് തിരിച്ചുവിളിച്ചതോടെ 2019ലെ ആഷസിന് ശേഷം നാട്ടില്‍ ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് താരത്തിനൊരുങ്ങുന്നത്. നാളിതുവരെ 61 ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ സഹിതം 2831 റണ്‍സും അഞ്ച് 5 വിക്കറ്റ് നേട്ടമുള്‍പ്പടെ 189 വിക്കറ്റും മൊയീന്‍ അലിയുടെ പേരിലുണ്ട്.
നോട്ടിംഗ്‌ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മഴ ഇന്ത്യയുടെ വിജയവഴിക്ക് തടസമായപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സ് കൂടി മതിയായിരുന്ന ഇന്ത്യക്ക്. എന്നാല്‍ കനത്ത മഴ മൂലം ഒറ്റ പന്ത് പോലും എറിയാതെ അവസാന ദിവസം പൂര്‍ണമായും ഉപേക്ഷിച്ചു. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
കേരളം അവഗണിക്കുന്നോ? പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പി ആർ ശ്രീജേഷ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona