അഞ്ച് ഇന്ത്യൻ താരങ്ങള്‍ വോണിന്‍റെ ടീമില്‍ ഇടം നേടിയപ്പോള്‍ മെല്‍ബണില്‍ സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ടീമില്‍ ഇടം ലഭിച്ചില്ല.
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ പരമ്പരയിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. അഞ്ച് ഇന്ത്യൻ താരങ്ങള്‍ വോണിന്‍റെ ടീമില്‍ ഇടം നേടിയപ്പോള്‍ മെല്‍ബണില്‍ സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ടീമില്‍ ഇടം ലഭിച്ചില്ല.
വോണിന്‍റെ ടീമിലെ ഓപ്പണര്‍മാര്‍ ഇന്ത്യയുടെ യശസ്വി ജയ്സ്വാളും ഓസ്ട്രേലിയയുടെ സാം കോണ്‍സ്റ്റാസുമാണ്. പരമ്പരയിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരനായിരുന്നു യശസ്വി ജയ്സ്വാള്‍. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലാണ്. നാലാം നമ്പറില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്നിത്ത് എത്തുമ്പോള്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ഇന്ത്യയുടെ റിഷഭ് പന്താണ്.
പരമ്പയില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയ ട്രാവിസ് ഹെഡ് മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ രവീന്ദ്ര ജഡേജ ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടറാകുന്നു. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട് ബോളണ്ട് എന്നിവരും വോണിന്‍റെ ടീമില്‍ ഇടം നേടിയപ്പോള്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ പേസ് നിരയില്‍ നിന്ന് വോണിന്‍റെ ടീമിലെത്തിയത്.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡിലും മെല്‍ബണിലും സിഡ്നിയിലും ജയിച്ചാണ് ഓസീസ് 3-1 പരമ്പര നേടിയത്.മഴ മുടക്കിയ ബ്രിസ്ബേന്‍ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പര തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ നേരിയ പ്രതീക്ഷയും അവസാനിച്ചു.
ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ തെരഞ്ഞെടുത്ത ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ഇലവന്‍: യശസ്വി ജയ്സ്വാള്‍, സാം കോണ്‍സ്റ്റാസ്, കെ എല്‍ രാഹുല്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, ട്രാവിസ് ഹെഡ്, രവീന്ദ്ര ജഡേജ, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുമ്ര, സ്കോട് ബോളണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക