ഇന്ത്യയുടെ ആദ്യ മത്സരം 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അയല്‍ക്കാരായ പാകിസ്ഥാനെതിരെയാണ്
ഗീലോങ്: ഇനി ക്രിക്കറ്റ് പൂരത്തിന്‍റെ നാളുകള്‍, ട്വന്‍റി 20 ലോകകപ്പിന് ഓസ്ട്രേലിയയിൽ തുടക്കമായി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ശകന ബൗളിംഗ് തെരഞ്ഞെടുത്തു. ഏഷ്യാ കപ്പിലെ മിന്നും വിജയത്തിന്‍റെ കരുത്തിലാണ് ലങ്ക മൈതാനത്തിറങ്ങുന്നത്.
പതിനാറ് ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകൾ നേരത്തെ തന്നെ സൂപ്പർ-12ൽ ഇടംപിടിച്ചുകഴിഞ്ഞു. ഈ മാസം 22ന് ഓസ്ട്രേലിയ-ന്യൂസിലൻഡ് പോരാട്ടത്തോടെയാണ് സൂപ്പർ-12ന് തുടക്കമാവുക. ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്. നവംബർ 13ന് എംസിജി സ്റ്റേഡിയത്തില്‍ ഫൈനൽ പോരാട്ടം നടക്കും.
ഇന്ത്യയുടെ ആദ്യ മത്സരം 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അയല്‍ക്കാരായ പാകിസ്ഥാനെതിരെയാണ്. ഇന്ത്യ നാളെ സന്നാഹമത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ശക്തിദൗര്‍ബല്യങ്ങള്‍ പരിശോധിക്കാനുള്ള അവസരമാകും ഓസീസിനെതിരായ മത്സരം. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി ഓസ്ട്രേലിയയില്‍ എത്തിയ പേസര്‍ മുഹമ്മദ് ഷമി ഓസീസിനെതിരെ ഇറങ്ങുമോ എന്ന് വ്യക്തമായിട്ടില്ല. ഷമിയെ നേരില്‍ക്കണ്ട ശേഷം തീരുമാനം കൈക്കൊള്ളും എന്നാണ് നായകന്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഷമി കളിച്ചിട്ടില്ല.
വാംഅപ് മാച്ചില്‍ ഇന്ത്യക്കെതിരെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കളിച്ചേക്കില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്കിടെ ക്യാച്ച് ശ്രമത്തിനിടെ കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്നാണിത്. ന്യൂസിലന്‍ഡിന് എതിരായ സന്നാഹമത്സരത്തിന് വാര്‍ണര്‍ തയ്യാറാകും എന്നാണ് ഓസീസ് ടീമിന്‍റെ പ്രതീക്ഷ. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറിയ വാര്‍ണര്‍ ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴ് മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 289 റണ്‍സാണ് വാര്‍ണര്‍ യുഎഇയില്‍ നേടിയത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി.
ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ പരിശീലന മത്സരത്തിന് മുമ്പ് ഓസീസിന് കനത്ത ആശങ്ക