ടി20 ലോകകപ്പ്: ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം മഴ കവരുമോ? ആശങ്ക കനക്കുന്നു

By Web Team  |  First Published Oct 16, 2022, 11:58 AM IST

ഒരാഴ്‌ച അവശേഷിക്കുന്നുണ്ടെങ്കിലും ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം മഴ കവര്‍ന്നേക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍


മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് ഒക്ടോബര്‍ 23-ാം തിയതി പുലരുന്നതിന് വേണ്ടിയാണ്. അന്നാണ് അയല്‍ക്കാരായ പാകിസ്ഥാനെതിരെ ലോകകപ്പില്‍ ഇന്ത്യയുടെ ആവേശ മത്സരം. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരംവീട്ടാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത് എന്നത് മത്സരത്തിന് ആവേശം കൂട്ടുന്നു. എന്നാല്‍ ആവേശപ്പോരാട്ടത്തിന് മുമ്പ് ഒരു ദുഖ സൂചനയാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് പുറത്തുവരുന്നത്. 

ഒരാഴ്‌ച അവശേഷിക്കുന്നുണ്ടെങ്കിലും ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം മഴ കവര്‍ന്നേക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. മെല്‍ബണില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. ഒക്ടോബര്‍ 23-ാം തിയതിക്കുള്ള കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത് മത്സരദിനവും മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ്. അന്ന് രാവിലെയും വൈകിട്ടും മഴ പെയ്യാനിടയുണ്ട് എന്നാണ് പ്രവചനം. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുപോയിരുന്നു. മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകളും പോയിന്‍റ് പങ്കിടും. മഴയ്ക്കൊപ്പം തണുത്ത അന്തരീക്ഷവുമാണ് വിവിധ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളില്‍. 

Latest Videos

കഴിഞ്ഞ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാൻ 10 വിക്കറ്റിന് തോൽപിച്ചിരുന്നു. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നീ ടോപ് ത്രീയെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്ഥാന് ജയമൊരുക്കിയത്. ബാറ്റിംഗില്‍ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 79* ഉം ബാബര്‍ അസം  52 പന്തില്‍ 68* ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റുമായി മത്സരത്തിലെ താരമായി ഷഹീന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുറച്ച് നാളുകളായി പരിക്ക് അലട്ടിയെങ്കിലും ലോകകപ്പിന് മുമ്പ് ഷഹീന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതിന്‍റെ പ്രതീക്ഷയിലാണ് പാകിസ്ഥാന്‍. എന്നാല്‍ ബാറ്റിംഗ് കരുത്തില്‍ ഇക്കുറി മലര്‍ത്തിയടിക്കാം എന്ന പ്രതീക്ഷയുണ്ട് രോഹിത് ശര്‍മ്മയ്‌ക്കും കൂട്ടര്‍ക്കും. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ഷഹീന്‍ അഫ്രീദിയെ എങ്ങനെ നേരിടണം, ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ഗംഭീര്‍; വെല്ലുവിളി മറ്റ് രണ്ടുപേരെന്ന് പത്താന്‍

click me!