വാംഖഡെയിലെ പതിനായിരങ്ങളെയും ടെലിവിഷനിലൂടെ കളി കണ്ട കോടിക്കണക്കിന് ആരാധകരെയും വിജയാകാശത്തേക്ക് ഉയര്‍ത്തിയ ആ സിക്സും രവി ശാസ്ത്രിയുടെ കമന്‍ററിയും ഇപ്പോഴും ചെവിയില്‍ മുഴങ്ങാത്ത ആരാധകര്‍ കുറവായിരിക്കും.
മുംബൈ: ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയുടെ പന്ത് എം എസ് ധോണി ലോംഗ് ഓണ്‍ ബൗണ്ടറിക്ക് മുകളിലൂടെ പറത്തി ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടി തന്നിട്ട് 12 വര്‍ഷം കഴിഞ്ഞു. വാംഖഡെയിലെ പതിനായിരങ്ങളെയും ടെലിവിഷനിലൂടെ കളി കണ്ട കോടിക്കണക്കിന് ആരാധകരെയും വിജയാകാശത്തേക്ക് ഉയര്‍ത്തിയ ആ സിക്സും രവി ശാസ്ത്രിയുടെ കമന്‍ററിയും ഇപ്പോഴും ചെവിയില്‍ മുഴങ്ങാത്ത ആരാധകര്‍ കുറവായിരിക്കും.
ഇപ്പോള്‍ ആ സിക്സും ഇന്ത്യയുടെ ലോകകപ്പ് വിജയവും എക്കാലവും ഓര്‍മ്മിക്കപ്പെടാനുള്ള അവസരം ഒരുക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു ചെറിയ വിക്ടറി മെമ്മോറിയല്‍ നിര്‍മ്മിക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോല്‍ കലേ പറഞ്ഞു. ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ സിക്സ് വീണ അതേ സ്ഥലത്താണ് മെമ്മോറിയല്‍ നിര്‍മ്മിക്കുക. ഇത് ഉദ്ഘാടനം ചെയ്യുന്നതിനായി ധോണിയെ സമീപിക്കുമെന്നും അമോല്‍ പറഞ്ഞു.
ഏപ്രില്‍ എട്ടിന് മുംബൈ ഇന്ത്യൻസുമായി മത്സരത്തിനായി എത്തുമ്പോള്‍ ധോണിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാൻ സാധിക്കുമോ എന്നാണ് നോക്കുന്നത്. ഉദ്ഘാടന തീയതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പൂര്‍ണമായും ധോണിയുടെ സൗകര്യം കൂടി നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 12 വര്‍ഷം മുമ്പ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഇതിഹാസ വിജയം സ്വന്തമാക്കുകയായിരുന്നു.
വാംഖഡെയയും നിശബ്ദരാക്കി തുടക്കത്തിലെ ലസിത് മലിംഗ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനെയും പുറത്താക്കി. ഗൗതം ഗംഭീറും വിരാട് കോലിയും ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ കോലിയെ ദില്‍ഷന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നതേയുണ്ടായിരുന്നുള്ളു.
പിന്നീടായിരുന്നു നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ എം എസ് ധോണിയും ഗൗതം ഗംഭീറും തമ്മിലുള്ള സെഞ്ചുറി കൂട്ടകെട്ടിലൂടെ ഇന്ത്യ കിരീടത്തോട് അടുത്തത്. വിജയത്തിനടുത്ത് 97 റണ്‍സെടുത്ത ഗംഭീര്‍ പുറത്തായെങ്കിലും ധോണിയും യുവരാജും ചേര്‍ന്ന് 28 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഏകദിന ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ചു.