ചാമ്പ്യൻസ് ട്രോഫി ടീമിലുണ്ടായിട്ടും ഏകദിന ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം

ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്നും ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി തുടര്‍ന്നും കളിക്കുമെന്നും 35കാരനായ സ്റ്റോയ്നിസ് വ്യക്തമാക്കി.


മെല്‍ബണ്‍: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ ടീമിലെത്തിയതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഞെട്ടിച്ച് ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ്. ഇതോടെ ചാമ്പ്യൻസ് ട്രോഫി ടീമില്‍ മാറ്റം വരുത്താന്‍ ഓസ്ട്രേലിയ നിര്‍ബന്ധിതരാവും. ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്നും ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി തുടര്‍ന്നും കളിക്കുമെന്നും 35കാരനായ സ്റ്റോയ്നിസ് വ്യക്തമാക്കി.

ഓസ്ട്രേലിയക്കായി ഏകദിന ക്രിക്കറ്റില്‍ കളിക്കാന്‍ കഴിഞ്ഞത് അവിസ്മരണീയമാണെന്നും അതിന് അവരം നല്‍കിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് നന്ദി പറയുന്നുവെന്നും സ്റ്റോയ്നിസ് വ്യക്തമാക്കി. വിരമിക്കാനുള്ള തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്ന് കരുതുന്നുവെന്നും ചാമ്പ്യൻസ് ട്രോഫിയില്‍ ഓസ്ട്രേലിയൻ ടീമിനായി കയ്യടിക്കാന്‍ താനും ഉണ്ടാവുമെന്നും സ്റ്റോയ്നിസ് വ്യക്തമാക്കി.

Latest Videos

നാഗ്പൂർ ഏകദിനം: നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഇന്ത്യൻ ടീമില്‍ വിരാട് കോലിയില്ല; 2 താരങ്ങള്‍ക്ക് അരങ്ങേറ്റം

2015ലാണ് ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്റ്റോയ്നിന് ഓസ്ട്രേലിയക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയത്. അടുത്തവര്‍ഷം ന്യൂസിലന്‍ഡിനിതിരെ ഈഡന്‍ പാര്‍ക്കില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ 146 റണ്‍സടിച്ചതോടെ ഓസ്ട്രേലിയന്‍ ഏകദിന ടീമിലെ സ്ഥിരാംഗമായി. 2023ലെ ഏകദിന ലോകകപ്പ് ജയിച്ച ഓസ്ട്രേലിയന്‍ ടീമിലും സ്റ്റോയ്നിസ് കളിച്ചു. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സ്റ്റോയ്നിസിന് ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചത്.  2018-2019ല്‍ ഓസ്ട്രേിയയിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റോയ്നിസ് ഓസ്ട്രേലിയക്കായി 71 ഏകദിനങ്ങളില്‍ മഞ്ഞക്കുപ്പായമണിഞ്ഞു. 26.69 ശരാശരിയില്‍ 1495 റണ്‍സാണ് സ്റ്റോയ്നിസിന്‍റെ ഏകദിനങ്ങളിലെ നേട്ടം. ഓൾ റൗണ്ടര്‍ കൂടിയായ 35കാരനായ സ്റ്റോയ്നിസ് 48 വിക്കറ്റുകളും സ്വന്തമാക്കി.

നാഗ്പൂരിലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് സ്പിന്‍ കെണിയോ, മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇന്ത്യ

ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്സിനായി കളിച്ചുകൊണ്ടിരുന്ന സ്റ്റോയ്നിസിന് ആദ്യ മൂന്ന് കളികള്‍ക്ക് ശേഷം പരിക്കേറ്റ് പുറത്തായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ഓൾ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും പരിക്കുമൂലം ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ സാധ്യതയില്ലാതിരിക്കെ സ്റ്റോയ്നിസ് കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!