പെര്‍ത്ത് ടെസ്റ്റില്‍ ഹര്‍ഷിത് റാണ കളിച്ച സംഭവം പറഞ്ഞുകൊണ്ടാണ് തിവാരി തുടങ്ങിയത്.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം മനോജ് തിവാരി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ നാട്ടിലും ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും കനത്ത തോല്‍വിയേറ്റ് വാങ്ങിയതിന് പിന്നാലെയാണ് ഗംഭീറിനെതിരെ തിവാരി സംസാരിച്ചത്.
പെര്‍ത്ത് ടെസ്റ്റില്‍ ഹര്‍ഷിത് റാണ കളിച്ച സംഭവം പറഞ്ഞുകൊണ്ടാണ് തിവാരി തുടങ്ങിയത്. അദ്ദേഹത്തിന്റെ വിമര്‍ശനമിങ്ങനെ... ''ഹര്‍ഷിത് റാണ ഓസീസിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ കളിച്ചു. ആകാശ് ദീപിന് പകരമാണ് താരം റാണ കളിക്കുന്നത്. അതെങ്ങനെ സംഭവിച്ചു? ആകാശ് ദീപ് എന്ത് തെറ്റാണ് ചെയ്തത്? ബംഗ്ലാദേശിനെതിരെയും ന്യൂസിലല്‍ഡിനെതിരേയും അദ്ദേഹം നന്നായി പന്തെറിഞ്ഞിരുന്നു. കൂടുതല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചുള്ള പരിചയവും ആകാശിനുണ്ട്. പേസിന് അനുകൂലമായ പിച്ചില്‍ ആകാശിന് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനാവുമായിരുന്നു. ഗംഭീറിന് വേണ്ടി ഒരു പി ആര്‍ ടീം നന്നായി ജോലിയെടുക്കുന്നുണ്ട്. ഗംഭീറിനെ പ്രതിരോധിക്കാന്‍ ധാരാളം പേരുണ്ട്. ഞാന്‍ പറഞ്ഞത് വസ്തുതകള്‍ മാത്രമാണ്. '' തിവാരി വ്യക്താക്കി.
മുന്‍ താരം തുടര്‍ന്നു. ''എങ്ങനെയാണ് ദേവദത്ത് പടിക്കലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്? ആഭ്യന്തര സീസണില്‍ ഏറെ റണ്‍സ് നേടിയ അഭിമന്യു ഈശ്വരന്‍ ഉണ്ടായിരുന്നപ്പോള്‍ ദേവ്ദത്ത് എങ്ങനെയാണ് ടീമിലേക്ക് വന്നത്?'' തിവാരി ചോദിച്ചു. ഗംഭീറുമായി ബന്ധപ്പെട്ട പഴയ ചില കാര്യങ്ങളും തിവാരി പുറത്തുവിട്ടു. ''ഗംഭീര്‍ എന്റെ കുടുംബത്തെ പോലും അധിക്ഷേപിക്കുകയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുകയും ചെയ്തു. എന്നാല്‍ അന്നെല്ലാം ചില വ്യക്തികള്‍ അദ്ദേഹത്തെ സംരക്ഷിച്ചു.'' തിവാരി പറഞ്ഞു.
3-1നാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെടുന്നത്. അതിന് മുമ്പ് ന്യൂസിലന്‍ഡിനോട് സ്വന്തം നാട്ടില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു.