മുന്‍ ന്യൂസിലന്‍ഡ് താരം ജെയിംസ് ഫ്രാങ്ക്‌ലിന്‍ നേടിയ 527 റണ്‍സിന്റെ റെക്കോര്‍ഡ് കരുണ്‍ തകര്‍ത്തു.
അഹമ്മദാബാദ്: ലിസ്റ്റ് എ ക്രിക്കറ്റില്‍ പുറത്താകാതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് വിദര്‍ഭയുടെ മലയാളി ക്രിക്കറ്റര്‍ കരുണ്‍ നായര്‍. വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയുടെ ക്യാപ്റ്റന്‍ കൂടിയായ കരുണിന്റെ നേട്ടം. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിലാണ് ചരിത്ര കരുണ്‍ കരുണ്‍ ചരിത്ര പുസ്തകത്തില്‍ ഇടം പിടിച്ചത്. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണ് കരുണ്‍ കുറിച്ചിട്ടത്. താരം 112 റണ്‍സ് നേടി. അവസാന നാല് മത്സരങ്ങളില്‍ നിന്ന് ആദ്യമായിട്ടാണ് താരം പുറത്താകുന്നത്. മത്സരത്തില്‍ 70 റണ്‍സ് കടന്നപ്പോള്‍, ലിസ്റ്റ് എയില്‍ വിക്കറ്റ് നഷ്ടമാക്കാെത തുടര്‍ച്ചയായി 500 റണ്‍സെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കരുണിന് സാധിച്ചിരുന്നു.
പിന്നാലെ മുന്‍ ന്യൂസിലന്‍ഡ് താരം ജെയിംസ് ഫ്രാങ്ക്‌ലിന്‍ നേടിയ 527 റണ്‍സിന്റെ റെക്കോര്‍ഡ് കരുണ്‍ തകര്‍ത്തു. 2010ലായിരുന്ന ഫ്രാങ്ക്‌ലിന്റെ നേട്ടം. ടൂര്‍ണമെന്റിലുടനീളം 33-കാരന്‍ തകര്‍പ്പന്‍ ഫോമിലാണ്. ജമ്മു കശ്മീരിനെതിരെ പുറത്താകാതെ 112 റണ്‍സാണ് കരുണ്‍ നേടിയത്. ഇതിന് പിന്നാലെയാണ് ഛത്തീസ്ഗഡിനെതിരെ പുറത്താകാതെ 44 റണ്‍സ് നേടി. പിന്നീട് സെഞ്ചുറികള്‍ തുടര്‍ച്ചയായി നേടി കരുണിന്റെ ഫോം പാരമ്യത്തിലെത്തി. അദ്ദേഹത്തിന്റെ സ്ഥിരതയാണ് 16 പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വിദര്‍ഭയെ സഹായിച്ചത്. കരുണിന് ഇപ്പോള്‍ ഏഴ് ലിസ്റ്റ് എ സെഞ്ചുറികളുണ്ട്, അതില്‍ നാലെണ്ണം എട്ട് ദിവസത്തിനുള്ളിലാണ് നേടിയത്.
കരുണിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കരിയറിലെ ഒരു നിര്‍ണായക സമയത്താണ്. രണ്ട് സീസണുകളിലായി ഐപിഎല്‍ ലേലത്തില്‍ ആരുമെടുക്കാതെ പോയതിന് ശേഷം, അടുത്തിടെ ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ സ്വന്തമാക്കി. 2016ല്‍ ഇംഗ്ലണ്ടിനെതിരായ ട്രിപ്പിള്‍ സെഞ്ചുറിയുടെ പേരിലാണ് കരുണ്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഇപ്പോഴത്തെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ സാങ്കേതിക തികവിന്റെ തെളിവാണ്.
ഉത്തര്‍ പ്രദേശിനെതിരെ 308 റണ്‍സ് എന്ന വെല്ലുവിളി നിറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭയ്ക്ക് 112 റണ്‍സെടുത്ത കരുണിന്റെ പ്രകടനം ഗുണം ചെയ്തു. യാഷ് റാത്തോഡും വിദര്‍ഭയ്ക്കായി സെഞ്ചുറി നേടി. എട്ട് വിക്കറ്റിന്റെ ജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്.