Kohli vs Ganguly : കോലിയുടെ പരാമര്‍ശങ്ങള്‍; ഗാംഗുലി വിശദീകരണം നല്‍കൂ, പ്രശ്‌നം കെട്ടടങ്ങുമെന്ന് മദന്‍ ലാല്‍

By Web Team  |  First Published Dec 18, 2021, 2:11 PM IST

ഏകദിന നായകപദവിയില്‍ നിന്ന് വിരാട് കോലിയെ മാറ്റിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്


മുംബൈ: വിരാട് കോലിയെ (Virat Kohli) ടീം ഇന്ത്യയുടെ (Team India) ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചൊല്ലിയുള്ള കോലാഹലങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അടങ്ങിയിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് (India Tour of South Africa 2021-22) പുറപ്പെടും മുമ്പ് ബിസിസിഐ പ്രസിഡന്‍റ് (BCCI President) സൗരവ് ഗാംഗുലിക്കെതിരെ (Sourav Ganguly) ഒളിയമ്പെയ്‌ത് കോലി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ കോലി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഗാംഗുലി വിശദീകരണം നല്‍കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ മദന്‍ ലാല്‍. 

ഗാംഗുലി മുന്നോട്ടുവരൂ, വിശദീകരണം നല്‍കൂ

Latest Videos

'നിലവിലെ സാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം ഇതൊരു വിവാദമല്ല, അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ്. വിരാടിനോട് ഗാംഗുലി എന്താണ് പറഞ്ഞത് എന്ന് എനിക്കറിയില്ല. അതിനാല്‍ അക്കാര്യത്തില്‍ എനിക്ക് ഒന്നും പറയാനാവില്ല. എന്നാല്‍ ബിസിസിഐ തലവന്‍ എന്ന നിലയ്‌ക്ക് സൗരവ് ഗാംഗുലി വിശദീകരണം നല്‍കിയാല്‍ പ്രശ്‌നം അതോടെ അവസാനിക്കും. നിര്‍ണായക പരമ്പരയാണ് എന്നതിനാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഇപ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിന് മുമ്പ് സെലക്‌ടര്‍മാര്‍ കോലിയുമായി സംസാരിച്ചിരുന്നോ എന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവില്ല' എന്നും മദന്‍ ലാല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ഡിസംബര്‍ 26നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. 

അതൃപ്‌തി പരസ്യമാക്കി കോലി

ഏകദിന നായകപദവിയില്‍ നിന്ന് വിരാട് കോലിയെ മാറ്റിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്. ഏകദിനത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുക. രോഹിത്തിന് കീഴില്‍ കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും താന്‍ കളത്തിലുണ്ടാകുമെന്ന് കോലി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും മുമ്പ് ബിസിസിഐക്കും സൗരവ് ഗാംഗുലിക്കുമെതിരെ ഒളിയമ്പ് എയ്‌ത് വിരാട് കോലി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.  

ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കുകയാണ് എന്ന് അറിഞ്ഞത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോലിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഏകദിന നായകസ്ഥാനം രോഹിത്തിന് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്നായിരുന്നു ഗാംഗുലി നേരത്തെ അവകാശപ്പെട്ടിരുന്നത്. ടി20 നായകപദവി ഒഴിയുന്ന കാര്യം പറഞ്ഞപ്പോള്‍ ബിസിസിഐയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു എന്നും കോലി വ്യക്തമാക്കി. എന്നാല്‍ കോലിയോട് ടി20 നായകപദവിയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു എന്നാണ് സൗരവ് ഗാംഗുലി അവകാശപ്പെട്ടത്. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

Virat Kohli : കോലിയുടെ ബാറ്റില്‍ സെഞ്ചുറികള്‍ ഒഴുകും; ക്യാപ്റ്റന്‍സി മാറ്റം ഗുണകരമെന്ന് സുനില്‍ ഗാവസ്‌കര്‍

click me!