സഞ്ജുവിന്റെ സ്ഥിരതയ്ക്ക് പിന്നിലും കാര്യമുണ്ട്! കാരണം വ്യക്തമാക്കി രാജസ്ഥാന്‍ ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര

By Web Team  |  First Published May 9, 2024, 6:41 PM IST

ഐപിഎല്ലിലുടനീളം ഈ ഫോം തുടരുകയാണെങ്കില്‍ സഞ്ജു ലോകകപ്പില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. 


ചെന്നൈ: ഐപിഎല്ലില്‍ ഇതുവരെ സ്ഥിരയാര്‍ന്ന പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തെടുത്തത്. റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു 471 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജുവിന്റെ സ്ഥിരത ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഐപിഎല്ലിലുടനീളം ഈ ഫോം തുടരുകയാണെങ്കില്‍ സഞ്ജു ലോകകപ്പില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുമെന്നത് സംശയമില്ലാത്ത കാര്യമാണ്. 

സഞ്ജുവിനെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ രാജസ്ഥാന്‍ ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര. ''ഏറെ സവിശേഷതയുള്ള താരമാണ് സഞ്ജു. ഊര്‍ജസ്വലനും ഫ്രഷും ആയിരിക്കുമ്പോള്‍ അവനെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ല. ആളുകളോട് എളിമയോടെ മാത്രം ഇടപ്പെടുന്ന സഞ്ജു സോഷ്യല്‍ മീഡിയയിലും അധികം ആക്റ്റീവല്ല. സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്നു അവന്‍. ടീമിനൊപ്പമുള്ളവരേയും സഞ്ജു പരിഗണിക്കുന്നു. ഒരു ക്രിക്കറ്റര്‍ക്ക് വേണ്ട വലിയ ഗുണങ്ങളാണിവ. ലോകകപ്പിന് പോകുന്ന സംഘത്തില്‍ നിന്ന് സഞ്ജു അസാധാരണ പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' സംഗക്കാര പറഞ്ഞു.

Latest Videos

സഞ്ജുവിന്റെ ഈ സീസണിലെ ഫോമിനെ കുറിച്ചും സംഗക്കാര സംസാരിച്ചു. ''ഈ സീസണില്‍ സഞ്ജുവിന് വലിയ മാറ്റമുണ്ടായി. താന്‍ ബാറ്റ് ചെയ്യേണ്ട രീതിയെക്കുറിച്ച് അവനിപ്പോള്‍ വ്യക്തതയുണ്ട്. മുമ്പ്, മത്സരത്തിന്റെ ചില ഘട്ടങ്ങളില്‍ അദ്ദേഹത്തിന് ഏകാഗ്രത നഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ സീസണുകളില്‍ അതിനെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുമായിരുന്നു. ഇത്തവണ അത് മാറ്റി. മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്നതിന് പകരം വിശ്രമമെടുക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചും സഞ്ജുവിനിപ്പോള്‍ അറിയാം. ബാക്കിയുള്ളത് അവന്റെ അസാധാരണമായ കഴിവാണ്.'' സംഗക്കാര വ്യക്തമാക്കി.

സഞ്ജു ഔട്ടല്ലെന്ന് സിദ്ദു! വ്യത്യസ്ത അഭിപ്രായവുമായി സംഗക്കാര; ക്രിക്കറ്റ് വിദഗ്ധരുടെ കാഴ്ച്ചപ്പാട് ഇങ്ങനെ

ഡല്‍ഹി കാപിറ്റല്‍സിനെതിരെ അവസാന മത്സരത്തില്‍ 46 പന്തില്‍ 86 റണ്‍സ് നേടിയിരുന്നു സഞ്ജു. എന്നാല്‍ രാജസ്ഥാന്‍ പരാജയപ്പെട്ടു. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് വേണ്ടി സഞ്ജു പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

click me!