'തിലക് വര്‍മ്മയെ അങ്ങനെയങ്ങ് വലിയ ടൂര്‍ണമെന്‍റില്‍ കളിപ്പിക്കല്ലേ'... ആവശ്യവുമായി ശ്രീകാന്ത്

By Web Team  |  First Published Aug 26, 2023, 10:38 AM IST

തിലക് വര്‍മ്മയെ നേരിട്ട് ഏകദിന ലോകകപ്പില്‍ കളിപ്പിക്കരുത് എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ നായകന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്


മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായൊരു പേര് ഇടംകൈയന്‍ യുവ ബാറ്റര്‍ തിലക് വര്‍മ്മയാണ്. ട്വന്‍റി 20 ഫോര്‍മാറ്റിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ തിലക് വര്‍മ്മയ്‌ക്ക് ആദ്യമായി ഏകദിന ടീമിലേക്ക് സെലക്ഷന്‍ നല്‍കുകയായിരുന്നു ബിസിസിഐ. ഏഷ്യാ കപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റില്‍ തന്നെ 20 വയസുകാരനായ തിലകിന് അവസരം നല്‍കിയിരിക്കുകയാണ് സെലക്‌ടര്‍മാര്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പിലും തിലക് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും എന്നാണ് പ്രതീക്ഷ. 

എന്നാല്‍ തിലക് വര്‍മ്മയെ നേരിട്ട് ഏകദിന ലോകകപ്പില്‍ കളിപ്പിക്കരുത് എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ നായകന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്. ഇതിനുള്ള കാരണവും അദേഹം പറയുന്നുണ്ട്. 'വലിയൊരു ടൂര്‍ണമെന്‍റില്‍ തിലക് വര്‍മ്മയ്‌ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കരുത്. അതിന് മുമ്പ് ഒരു ഏകദിന പരമ്പരയില്‍ അവസരം നല്‍കണം. തിലക് വര്‍മ്മ ഭാവി വാഗ്ദാനമാണ്. ഏഷ്യാ കപ്പ് അയാള്‍ക്ക് വലിയ അവസരമാണ്. പ്രകടന മികവില്‍ മാത്രമല്ല, സ്ഥിരതയിലും തിലക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെ ടീമിന് പ്രതീക്ഷ നല്‍കി. ഏഷ്യാ കപ്പിലൂടെ തിലക് കൂടുതല്‍ ശ്രദ്ധിക്കപ്പെടും. ഏകദിന ലോകകപ്പില്‍ കളിപ്പിക്കും മുമ്പ് തിലകിന് കുറച്ച് മത്സരങ്ങള്‍ നല്‍കി അദേഹത്തെ വളര്‍ത്തിയേടുക്കേണ്ടതുണ്ട്' എന്നും കൃഷ്‌ണമചാരി ശ്രീകാന്ത് പറഞ്ഞു. ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പിലോ ഓസ്ട്രേലിയക്ക് എതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലോ തിലകിനെ കളിപ്പിക്കണം എന്നാണ് ശ്രീകാന്ത് പറയുന്നത്. 

Latest Videos

ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ തിലക് വര്‍മ്മ കളിക്കുമോ എന്ന് വ്യക്തമല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ നാലാം നമ്പറില്‍ തിലക് കളിച്ചെങ്കിലും ഏകദിന ടീമില്‍ നാലാം നമ്പര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്. പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുത്ത അയ്യര്‍ ഏഷ്യാ കപ്പില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനാല്‍ തിലകിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിക്കുക അത്ര എളുപ്പമല്ല. ഇരുപത് വയസുകാരനായ തിലക് വ‍ര്‍മ്മ ഇന്ത്യക്കായി 7 രാജ്യാന്തര ട്വന്‍റി 20കളില്‍ 174 ഉം 25 ഐപിഎല്‍ മത്സരങ്ങളില്‍ 740 റണ്‍സും നേടിയിട്ടുണ്ട്. 

Read more: രണ്ട് താരങ്ങള്‍ പുറത്ത്; ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് ഗാംഗുലി, സഞ്ജു സാംസണ് ഇടമില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!